
കൊച്ചി: സൂപ്പർ ഹിറ്റ് ചിത്രം ‘ഗരുഡനു’ ശേഷം സുരേഷ് ഗോപിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ രാജേഷ് ഭാസ്കറാണ് സംവിധാനം ചെയ്യുന്നത്.
‘ജനഗണമന’, ‘ക്വീൻ’, ‘പ്രിൻസ് ആൻഡ് ഫാമിലി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദാണ് ഈ ചിത്രത്തിന്റെയും രചന നിർവ്വഹിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നടത്തുന്ന സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ വിദ്യാരംഭ ചടങ്ങിനിടെയാണ് അണിയറപ്രവർത്തകർ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചത്.
ചിത്രത്തിലെ നായികയെ കണ്ടെത്താനായി അണിയറപ്രവർത്തകർ കാസ്റ്റിംഗ് കോൾ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം 2027 ഓണം റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളെക്കുറിച്ചും പ്രമേഹത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.












