
നടൻ ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. ബാലയുടെ നാലാം വിവാഹമാണ് ഇന്ന് നടന്നിരിക്കുന്നത്. മാമന്റെ മകൾ കോകിലയെ ആണ് ബാല ഭാര്യ ആയി സ്വീകരിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു നടന്റെ വിവാഹം. കോകിലയെ താലി ചാർത്തും മുമ്പ് ബാല പൊട്ടിച്ചിരിച്ച് പറഞ്ഞ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. താലി കയ്യിൽ നൽകിയ ശേഷം കാർമികൻ ബാലയോട് താലി എല്ലാവരേയും ഉയർത്തി കാണിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ബാലയുടെ തഗ് ഡയലോഗ് വന്നത്. ‘നല്ല പാത്ത്ക്കങ്കപ്പാ… ഇത് താൻ ഫൈനൽ… എന്നാണ് ചിരിയോടെ ബാല പറഞ്ഞത്’.
‘കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു… ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനില മാറി. നല്ല നിലയിൽ മുമ്പോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല പറഞ്ഞത്. കോകിലയുടെ വളരെ നാളായുള്ള ആഗ്രഹം കൂടിയായിരുന്നു ഈ വിവാഹമെന്നും ബാല കൂട്ടിച്ചേർത്തു’.

ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ലെന്നും പറയപ്പെടുന്നു. അതേസമയം പുനർ വിവാഹമായതിനാലും വിവാദങ്ങൾ കത്തി നിൽക്കുന്നതിനാലും പരിഹസിച്ചുള്ള കമന്റുകളാണ് ബാലയുടെ വിവാഹ വീഡിയോകൾക്ക് താഴെ ഏറെയും വരുന്നത്.
‘ഇത് എത്ര നാളത്തേക്കാണ്…? ഇതിൽ എങ്കിലും അവസാനിപ്പിക്കുമോ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്’. എന്നും നടൻ ബാലയുടെ സിനിമകളെക്കാളും കരിയറിനെക്കാളും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് നടന്റെ സ്വകാര്യ ജീവിതമാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ബാലയുടെ ഈ നാലാം വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നടൻ മുന്ന സൈമൺ അടക്കമുള്ളവർ ബാലയെയും കോകിലയെയും അനുഗ്രഹിക്കാൻ വിവാഹത്തിന് എത്തിയിരുന്നു. ബാലയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ബാലയുടെയും കോകിലയുടേയും വിവാഹ ചിത്രവും മുന്ന സൈമൺ പങ്കിട്ടിരുന്നു.
ബാലയുടെ നാലാം വിവാഹമാണ് ഇതെന്ന് പറയാൻ എന്താണ് കാരണമെന്നാൽ ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ എന്നായിരുന്നു ഇത്രകാലം വരെയും എല്ലാവരുടെയും ധാരണ എന്നാൽ പക്ഷെ അതല്ല യാഥാർഥ്യമെന്ന് ഏകദേശം രണ്ട് മാസത്തിന് മുൻപ് പുറത്തു വന്നിരുന്നു. കാരണം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കുന്നതിന് മുൻപായി കന്നഡക്കാരിയായ ചന്ദന സദാശിവയെ ബാല വിവാഹം ചെയ്തതായി പറയപ്പെടുന്നുണ്ട്. ബാല ചന്ദനയെ വിവാഹ മോചനം നടത്തിയതിന്റെ തെളിവ് പങ്കു വെച്ചുകൊണ്ട് ഹിമ നിവേദ കൃഷ്ണ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഈയടുത്തായി പങ്കിട്ടിരുന്നു.
മുൻഭാര്യമാരിൽ ഒരാളായ ഗായിക അമൃത സുരേഷുമായിട്ടുള്ള ചില പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ഉടലെടുത്തതോടെയാണ് അമൃതയ്ക്ക് മുൻപ് മറ്റൊരു പെൺകുട്ടിയെ ബാല വിവാഹം കഴിച്ചതിനെപ്പറ്റിയുള്ള വാർത്തകൾ പുറത്തു വരുന്നത്. അമൃത സുരേഷും ഈയൊരു ബന്ധത്തെപ്പറ്റി അന്ന് വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ മറച്ചു വെച്ചിട്ടാണ് ബാല തന്നെ പ്രണയിച്ച് വിവാഹം കഴിച്ചത് എന്നാണ് അമൃത സുരേഷ് പറഞ്ഞത്. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് ഇവരുടെ മകൾ. കുഞ്ഞ് പിറന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു.
പിന്നീട് വർഷങ്ങൾക്കു ശേഷം 2021ൽ ഡോക്ടറായ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്തു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം എലിസബത് ഉടയാൻ ബാലയുടെ മൂന്നാം ഭാര്യയാണ്. ആ ബന്ധവും തകർന്നതോടെയാണ് ഇപ്പോൾ മുറപ്പെണ്ണായ കോകിലയെ ബാല ജീവിത സഖിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി ബാലയ്ക്കൊപ്പം കൊച്ചിയിലെ വീട്ടിൽ കോകിലയും താമസിക്കുന്നുണ്ട്. ബാലയുടെ ബന്ധു കൂടിയായ കോകില ചെന്നൈ സ്വദേശിയാണ്. കോകില ബാലയുടെ മാമന്റെ മകൾ ആണെന്നാണ് പുറത്തു വരുന്ന വിവരം. കുറെ കാലങ്ങളായി കോകിലയ്ക്ക് ബാലയെ ഇഷ്ടമായിരുന്നു എന്നും ബാല പറയുന്നുണ്ട്.
അതേസമയം ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന യുവനടനായിരുന്നു ബാലകുമാർ എന്ന നടൻ ബാല. ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, റിലോഡഡും, പുതിയ മുഖവുമെല്ലാംകണ്ട് ബാലയെ സെലിബ്രിറ്റി ക്രഷായി മനസിൽ കൊണ്ട് നടന്നിരുന്ന ഒരുപാട് പെൺകുട്ടികൾ അന്ന് കേരളത്തിലുണ്ടായിരുന്നു. വില്ലനായും നായകനായും സഹനടനായുമെല്ലാം ഒരു കാലത്ത് മലയാളത്തിൽ സജീവമായിരുന്ന ബാല നല്ലൊരു കഥാപാത്രം സിനിമയിൽ ചെയ്തിട്ട് നാളുകളേറെയായി. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷത്തിൽ ബാല അവസാനമായി പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം നല്ലൊരു കഥാപാത്രം ബാലയുടേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല.











