ജോജു വടി വെട്ടാന്‍ പോയിട്ടേയുള്ളൂ; പണി’ ഞാൻ 2 വട്ടം കണ്ടു, ജോജുവിനെ ആർക്കും തൊപ്പിക്കാൻ കഴിയില്ല; ഷിജു

തന്റെ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ എഴുതിയ ആളെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതോടെ ജോജുവിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിനിടെ ജോജുവിന്റെ പിന്തുണച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടൻ ഷിജു.

ജോജു വടി വെട്ടാന്‍ പോയിട്ടേ ഉള്ളുവെന്ന് നടന്‍ ഷിജു പറയുന്നു. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ ജോജുവിനെ തനിക്കറിയാമെന്നും അദ്ദേഹത്തിന് പണി എന്ന സിനിമ കണ്ടശേഷമുള്ള അനുഭവത്തെപ്പറ്റിയുമാണ് ഷിജു പറയുന്നത്.

ഷിജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്,  ‘പണി.. ജോജു വടി വെട്ടാന്‍ പോയിട്ടേ ഉള്ളു, അടി തുടങ്ങാന്‍ എന്നാണ് എനിക്ക് പണി കണ്ടപ്പോ തോന്നിയത്. എന്റെ ജീവിതത്തില്‍ ഒരു നടന്റെ ഉയര്‍ച്ച ഞാന്‍ നേരിട്ട് കണ്ട ഒരു വ്യക്തി എന്ന് പറഞ്ഞാല്‍ അത് ജോജു ജോര്‍ജ് തന്നെയാണ്. മഴവില്‍ കൂടാരം’ എന്ന എന്റെ ആദ്യ ചിത്രത്തില്‍ ജോജു ഉണ്ടായിരുന്നു എന്ന് ജോജു പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. എന്നാല്‍ പിന്നീടുള്ള ജോജുവിന്റെ യാത്ര തികച്ചും കഷ്ട്ടപാടുകള്‍ നിറഞ്ഞത് തന്നെയാണ്.

ഞങ്ങള്‍ പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നത് സൗണ്ട് തോമാ’ എന്ന പടത്തിലാണ്. അന്ന് ഒരു കല്യാണ സീനില്‍ ആയിരത്തില്‍പരം ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മുന്നില്‍ അവന്റെ ഒരു ഡയലോഗ് തെറ്റിയപ്പോള്‍ അവന് കിട്ടിയ ഹുമിലിയേഷന്‍ തകര്‍ത്ത് ആ സീന്‍ അവന്‍ ശരിയാക്കി ചെയ്തപ്പോള്‍ ഞാന്‍ ഉറപ്പിച്ചതാണ് ഇവന്‍ ഒരു നല്ല നടനായി വരുമെന്ന്. കാരണം വേറൊന്നുമല്ല. സ്വയം എടുക്കാനുള്ള ധൈര്യം. തോറ്റു കൊടുക്കില്ല എന്ന തീരുമാനം.

പിന്നീട് ‘പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും, ഹോട്ടല്‍ കാലിഫോര്‍ണിയ’ എന്ന ചിത്രങ്ങിലെ അവന്റെ പെര്‍ഫോമന്‍സ് എനിക്ക് ഉറപ്പായിരുന്നു അവനിലെ നടനെ ജനം സ്വീകരിക്കും എന്ന്. പക്ഷെ ജോജുവിനെ ജോജു ആക്കിയത് അവന്‍ എടുത്ത റിസ്‌ക്ക് തന്നെയാണ്. ജീവിതത്തില്‍ പലപ്പോഴും അവനെടുത്ത റിസ്‌ക്ക് രസകരമായി പറഞ്ഞിട്ടുണ്ടെങ്കിലും ജോസഫ്’ എന്ന പടം തുടങ്ങി ജോജു കളിച്ചത് വളരെ അപുര്‍വ്വങ്ങളില്‍ അപൂര്‍വം ധൈര്യം മാത്രമുള്ളവര്‍ ചെയ്യുന്ന കളിയാണ്’.

പ്രത്യേകിച്ച് സിനിമാ ഇന്‍ടസ്ട്രിയില്‍. അത് ഇപ്പോഴും തുടരുന്നു. ഞാന്‍ ഇത്രയധികം പ്രതീക്ഷയോടെ ഒരു പടം കാത്തിരുന്നിട്ടില്ല എന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെയാണ് സിനിമയെ ഇഷ്ട്ടപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ പണി’ എന്ന ഈ ചിത്രം വീണ്ടും കണ്ടത്.

ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ഞാന്‍ ജോജുവിനെ കാണാനുണ്ടായ അവസരത്തില്‍ ജോജു ഈ സിനിമയുടെ കഥ എന്നോടും അഖിലിനോടും പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ആ കഥ പറയാന്‍ ജോജുവിന് ഒരു പേപ്പര്‍ പോലും നോക്കേണ്ട ആവിശ്യമില്ലായിരുന്നു എന്നത് എന്നെ അന്ന് അത്ഭുതപ്പെടുത്തി. അന്ന് വെറുതെ ഒരു കഥ പറച്ചിലല്ല ജോജു പറഞ്ഞത് പ്രധാന ഇടങ്ങളിലെ ഡയലോഗ് അടക്കം ആണ് പറഞ്ഞത്..

സിനിമയെ ഇഷ്ട്ടപ്പെടുന്ന വ്യക്തി എന്ന നിലയ്ക്ക് എന്നെ ഒരുപാട് എക്‌സൈറ്റഡ് ആക്കിയ കാര്യങ്ങള്‍ ആ കഥയിലുണ്ടായിരുന്നു. അതില്‍ ആദ്യത്തേത് ആണ് സാഗറും, ജുനൈസും ചെയ്ത കഥാപാത്രങ്ങള്‍. കഴിഞ്ഞ നൂറോളം ദിവസങ്ങള്‍ ബിഗ് ബോസില്‍ എന്നോടൊപ്പം കഴിഞ്ഞ സാഗറിനേയും ജുനൈസിനേയും, മലയാളികള്‍ ഇത്രയേറേ വെറുക്കുന്ന രണ്ട് കഥാപാത്രമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ജോജു എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും കഴിവു മാത്രമാണ്.

പിന്നെ ഇത്രയേറേ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വെച്ച് ഇത്ര വലിയ ബഡ്ജറ്റില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ജോജുവിന് കഴിഞ്ഞെങ്കിൽ.. ഞാന്‍ ആദ്യം പറഞ്ഞതില്‍ ഒട്ടും അതിശയോക്തി വേണ്ട.. :ജോജു വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. മലയാള സിനിമയില്‍ പുതുമുഖക്കാരിലെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍, നടനായും സംവിധായകനായും, പ്രൊഡ്യൂസറായും ജോജുവിന് കഴിയുമെങ്കില്‍, നമ്മള്‍ ഇനി കാണാന്‍ കിടക്കുന്നതേ ഉള്ളൂ ജോജുവിന്റെ കഴിവുകള്‍.

പിന്നെ എടുത്തു പറയേണ്ടത് ബോബി ചെയ്ത കഥാപാത്രം. ബോബി എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു. എല്ലാ പ്രാര്‍ത്ഥനകളും… പണിയുടെ വിജയത്തില്‍ ഒരുപാട് സന്തോഷം. തികച്ചും എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ‘കുറേ അധികം കൂട്ടുകാര്‍ ഒന്നിച്ച സിനിമ. പണി ഡോണ്ട് മിസ് ഇറ്റ്…’ എന്നുമാണ് ഷിജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേസമയം ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭമാണ് പണി എന്ന സിനിമ. ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്. ഒക്ടോബർ 24 ന് റിലീസ് ചെയ്ത ചിത്രം ഇതുവരെയായി 14 കോടിയോളം രൂപയാണ് ഇന്ത്യയില്‍ നിന്നും മാത്രം നേടിയതെന്നാണ് റിപ്പോർട്ട്.