
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മമ്മൂട്ടി ചിത്രത്തിൽ റസ്‌ലിങ്ങ് കോച്ചായി എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇന്നലെ പുറത്തുവിട്ട ട്രെയ്‌ലർ മമ്മൂട്ടിയുടെ രംഗങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാൽ ട്രെയ്‌ലറിന്റെ അവസാന ഷോട്ടിൽ കാണിക്കുന്ന പുറം തിരിഞ്ഞുനിൽക്കുന്ന വ്യക്തി മമ്മൂട്ടി ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.
വാൾട്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലറിലെ അവസാന രംഗത്തിലുള്ള വ്യക്തിയുടെ കയ്യിലുള്ള ബ്രേസ്ലറ്റിനോട് സമാനമായ ഒരെണ്ണം മമ്മൂട്ടി കയ്യിൽ ധരിച്ചിരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം വാൾട്ടറായി എത്തുന്നത് ദുൽഖർ സൽമാൻ ആണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും ജനുവരി 22 വരെ കാത്തിരിക്കാമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്യൂ.ഡബ്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്ന വിശേഷണത്തോടെയാണ് ചത്താ പച്ച എത്തുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.











