
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു. ഏറെ രസകരമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഷോർട്ട് ഫിലിമിൽ നിവിൻ പോളി, മമിത ബൈജു, സംഗീത പ്രതാപ് തുടങ്ങിയവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.
ഷോർട്ട് ഫിലിം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം പുറത്തുവന്നത് മുതൽ തന്നെ പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഒരു സിനിമയുടെ തിരക്കുകൾക്കിടയിലും ഇത്തരമൊരു ഷോർട്ട് ഫിലിം ഒരുക്കാനുള്ള അണിയറപ്രവർത്തകരുടെ ആത്മവിശ്വാസത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
‘തേച്ചിട്ടുപോയ കാമുകിമാരേ… ഇത് നിങ്ങൾക്കുള്ള സമർപ്പണം’ എന്ന കുറിപ്പോടെയാണ് ഷോർട്ട് ഫിലിം ആരംഭിക്കുന്നത്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ അനുജൻ ജോയലായാണ് സംഗീത പ്രതാപ് എത്തുന്നത്. ജോയലിന്റെ കഥയെ കേന്ദ്രീകരിച്ചാണ് ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ ഒരുക്കിയിരിക്കുന്നത്.
നിർമാതാക്കളായ ഭാവനാ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ തന്നെയാണ് ഷോർട്ട് ഫിലിമിലെ ക്രൂ അംഗങ്ങൾക്കും നൽകിയിരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം.
ജോയൽ ഡേവിസ് എന്ന പേരിൽ സംഗീത പ്രതാപാണ് രചനയും ആശയവും നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ ഡേവിസ് എന്ന പേരിൽ നിവിൻ പോളിയാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. നന്ദൻ വെങ്കിടങ്ങ്, സായൂജ്യ, അഭിജിത്ത്, ജസ്റ്റിൻ, ആകാശ് ജോസഫ്, ഗ്ലിക്സൺ, ഷെൽവിൻ, റിയ, ജോയൽ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ‘ബെത്ലഹേം കുടുംബ യൂണിറ്റിലെ’ മോറേലി സിസ്റ്റേഴ്സിന്റെ മോറേലി പിക്ചേഴ്സാണ് ഷോർട്ട് ഫിലിം അവതരിപ്പിക്കുന്നത്.












