വാക്ക് കൈവിട്ടു; ബിഗ് ബോസിൽ ആസിഫിനെതിരെ കൊമ്പനും ഷിജിനും, പ്രതിരോധത്തിലായി താരം

ബിഗ് ബോസ് മലയാളം സീസൺ 8ൽ സഹമത്സരാർഥികളെ പ്രകോപിപ്പിക്കുന്നതിലും വാദപ്രതിവാദങ്ങളിൽ സ്വന്തം നിലപാട് ശക്തമായി അവതരിപ്പിക്കുന്നതിലും മുന്നിൽ നിൽക്കുന്ന മത്സരാർഥിയാണ് ആസിഫ്. എന്നാൽ, ആവേശത്തിനിടെ ഉപയോഗിക്കുന്ന മോശം പദപ്രയോഗങ്ങൾ പലപ്പോഴും താരത്തിന് തിരിച്ചടിയാകാറുണ്ട്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. ആസിഫിന്റെ വാക്കുകൾക്കെതിരെ കൊമ്പനും ഷിജിനും രംഗത്തെത്തിയതോടെ താരം പ്രതിരോധത്തിലായി.

അടുക്കളയിൽനിന്ന് ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതിനെക്കുറിച്ച് കൊമ്പനും ഷിജിനും സംസാരിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. എല്ലാവർക്കും വിശപ്പുണ്ടെങ്കിലും മോഷ്ടിച്ച് ഭക്ഷണം കഴിക്കുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്യുന്നവരെ കള്ളൻമാർ എന്ന് വിളിക്കേണ്ടിവരുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇതിനിടയിലേക്ക് എത്തിയ ആസിഫ്, ഈ വീട്ടിലുള്ള എല്ലാവരും കള്ളൻമാരാണെന്ന തരത്തിൽ പ്രതികരിച്ചു. സംസാരത്തിനിടെ താരം ഉപയോഗിച്ച മോശം പദപ്രയോഗമാണ് കൊമ്പനെ പ്രകോപിപ്പിച്ചത്. നിരവധി ആളുകൾ കാണുന്ന ഒരു പരിപാടിയിൽ, അമ്മമാരും കുട്ടികളുമടക്കം പ്രേക്ഷകരുള്ള സാഹചര്യത്തിൽ ദേഷ്യം വന്നതിന്റെ പേരിൽ എന്തും വിളിച്ചുപറയാനാകില്ലെന്ന് കൊമ്പൻ തുറന്നടിച്ചു. പിന്നാലെ ഷിജിനും ആസിഫിന്റെ പെരുമാറ്റത്തെ വിമർശിച്ചു.

താൻ പറഞ്ഞതിനെ ന്യായീകരിക്കാൻ ആസിഫ് ശ്രമിച്ചെങ്കിലും കൊമ്പനും ഷിജിനും വഴങ്ങിയില്ല. സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ നിയന്ത്രിക്കണമെന്നും വീട്ടിൽ ഉപയോഗിക്കുന്ന സ്ലാങ് ഒരു പൊതുവേദിയിൽ അതേപടി പ്രയോഗിക്കുന്നത് ശരിയല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ പ്രേക്ഷകരിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
പിന്നീട് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ഒതുക്കാനുള്ള ശ്രമത്തിലായിരുന്നു ആസിഫ്. താൻ ഉദ്ദേശിച്ചത് ഇരട്ട അർഥത്തിലുള്ള പ്രയോഗമായിരുന്നില്ലെന്നും താരം വിശദീകരിച്ചു.

സംഭവം കൂടുതൽ വഷളാകാതിരിക്കാനും ആസിഫിനെ ആശ്വസിപ്പിക്കാനുമായി രാഹുൽ ഈശ്വർ ഇടപെട്ടു. എന്നാൽ, ആസിഫിന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച രാഹുലിനോടും കൊമ്പനും ഷിജിനും വിയോജിപ്പ് പ്രകടിപ്പിച്ചു. ആസിഫ് ഉപയോഗിച്ച മോശം വാക്കുകളെ ന്യായീകരിക്കേണ്ടതില്ലെന്നായിരുന്നു കൊമ്പന്റെ നിലപാട്. ഇതോടെ രാഹുൽ വിഷയത്തിൽനിന്ന് പിന്മാറി. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ആസിഫിന് പിന്തുണയുമായി എത്താറുള്ള വിക്കി ഇത്തവണ മൗനം പാലിച്ചതും ശ്രദ്ധേയമായി. ആസിഫ് പറഞ്ഞത് മോശമായിപ്പോയെന്ന് വിപിനും അഭിപ്രായപ്പെട്ടു. ആവേശത്തിനിടെ കൈവിട്ട വാക്കുകൾ ആസിഫിന് ഹൗസിനുള്ളിൽ തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഈ വിഷയം ചർച്ചയാക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.