മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർ സ്റ്റാറുകളുടെയെല്ലാം നായികയായി തിളങ്ങിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി എത്തി പിന്നീട് മുൻനിര നായികയായി മാറിയ ദിവ്യ ഉണ്ണി നിരവധി ആരാധകരെയും സൃഷ്ടിച്ചു. എന്നാൽ, തിളങ്ങി നിൽക്കുന്ന സമയത്ത് മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലെന്നും നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന തരത്തിൽ ദിവ്യ ഉണ്ണിയെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ട് പോലും ദിവ്യ ഉണ്ണിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ ദിവ്യ ഉണ്ണി പ്രതികരിച്ചിരിക്കുകയാണ്.

“അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാൻ. കാരണം കമന്റുകൾ തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ ശരിയാണ് അല്ലെെങ്കിൽ നമ്മൾ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല” – ദിവ്യ ഉണ്ണി പറഞ്ഞു.
“മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാൻ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ല. ഞാൻ നെഗറ്റീവ് കമന്റുകൾ നോക്കാറുമില്ല”- താരം കൂട്ടിച്ചേർത്തു.











