സംവിധാന അരങ്ങേറ്റമായ ‘പണി’ക്ക് ശേഷം ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യിലെ നൂറോളം കഥാപാത്രങ്ങളെ ഓരോന്നായി പരിചയപ്പെടുത്താൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത സൗണ്ട് ഡിസൈനറായ അജയൻ അടാട്ട് അവതരിപ്പിക്കുന്ന ‘സുകു’ എന്ന കഥാപാത്രത്തെയാണ് ആദ്യമായി അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം ഡിസംബറിലാണ് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.
തൃശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നൂറോളം പുതുമുഖങ്ങളാണ് പ്രധാനപ്പെട്ട ക്യാരക്ടർ റോളുകളിൽ എത്തുന്നത്. നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലനത്തിന് ശേഷമാണ് ഇത്രയധികം പുതിയ താരങ്ങൾ ക്യാമറയ്ക്ക് മുന്നിലെത്തിയത് എന്നത് സിനിമയുടെ പ്രധാന പ്രത്യേകതയാണ്. രാജീവ് രവി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് തമിഴ് സൂപ്പർഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് തിയേറ്ററുകളിലെത്തുന്നത്.
