
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമാണിത്.
ചിത്രത്തിൽ ദുൽഖറിനൊപ്പം ആന്റണി വർഗീസും വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നുണ്ട്. ‘വിക്കി’ എന്ന കഥാപാത്രത്തെയാണ് ആന്റണി അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ധീരനേ – റൈസ് ഓഫ് വിക്കി’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അറിവും ആനന്ദ് ശ്രീരാജും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറും അറിവും ചേർന്നാണ് എഴുതിയിരിക്കുന്നത്.
ദുൽഖറിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് ആദ്യ ദിനം മുതലുള്ള വിലയിരുത്തലുകൾ. ദുൽഖറിന് പുറമെ ആന്റണി വർഗീസ്, കയാദു ലോഹർ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. 2 മണിക്കൂർ 53 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറുമെല്ലാം വലിയ തരംഗം സൃഷ്ടിച്ചിരുന്നു.












