ദൈവം ഓട്ടോക്കാരന്റെ രൂപത്തിലെത്തി; നഷ്ടപ്പെട്ട പേഴ്സ് തിരികെ കിട്ടിയ കഥയുമായി മണിയൻപിള്ള രാജു

തിരുവനന്തപുരം: പണത്തേക്കാൾ വിലയുള്ള രേഖകൾ അടങ്ങിയ തന്റെ പേഴ്സ് നഷ്ടപ്പെട്ടതും അത് തിരികെ ലഭിച്ചതുമായ വൈകാരികമായ അനുഭവം പങ്കുവെച്ച് നടൻ മണിയൻപിള്ള രാജു. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന നിമിഷത്തിൽ ഒരു ഓട്ടോ ഡ്രൈവർ ദൈവത്തെപ്പോലെ സഹായവുമായെത്തിയെന്നാണ് താരം പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ സാബു എന്ന ഓട്ടോ ഡ്രൈവറാണ് നടന്റെ പേഴ്സ് കണ്ടെത്തി സുരക്ഷിതമായി വീട്ടിലെത്തിച്ചു നൽകിയത്.

കുറച്ച് പണവും അതിലുപരി ബാങ്ക് കാർഡുകൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകളുമായിരുന്നു പേഴ്സിലുണ്ടായിരുന്നത്. പേഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോൾ വലിയ വിഷമത്തിലായെന്നും അത് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ സാബുവും ഭാര്യയും ചേർന്ന് നടന്റെ വീട് അന്വേഷിച്ചു കണ്ടെത്തി പേഴ്സ് നേരിട്ട് കൈമാറുകയായിരുന്നു. ഈ സത്യസന്ധതയ്ക്കും സ്നേഹത്തിനും മുന്നിൽ നന്ദി പറയാൻ വാക്കുകളില്ലെന്നാണ് മണിയൻപിള്ള രാജു പ്രതികരിച്ചത്.

സാബുവിനും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “ദൈവം സാബുവിന്റെ രൂപത്തിൽ വന്നു” എന്ന നടന്റെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരിലെ ഇത്തരം വലിയ നന്മകൾ ലോകത്തിന് മാതൃകയാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.