ബോളിവുഡ് താരം രൺബീർ കപൂർ അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങുന്നു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിനായി തിരക്കഥാ രചനയും ആരംഭിച്ചുകഴിഞ്ഞു. അഭിനയജീവിതത്തിലെ ഇനി വരാനിരിക്കുന്ന പത്ത് വർഷങ്ങൾ അവസാന ഘട്ടമായിരിക്കുമെന്ന സൂചനയും രൺബീർ നൽകി.
‘രാമായണ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിബിസി ഏഷ്യൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ തന്റെ പുതിയ ആഗ്രഹങ്ങൾ വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആദ്യ സംവിധാന സംരംഭത്തിനായുള്ള തിരക്കഥ എഴുതിത്തുടങ്ങിയത്. ഒരു കഥ സൃഷ്ടിക്കുക എന്നത് താൻ കരുതിയിരുന്നതിനേക്കാൾ ഏറെ പ്രയാസകരമായ കാര്യമാണെന്നും ഇതോടെ എഴുത്തുകാരോടും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരോടുമുള്ള ബഹുമാനം വർധിച്ചെന്നും താരം പറഞ്ഞു. തന്റെ മനസിലുള്ള ആശയം നിരവധി ആളുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഒരു സിനിമയായി മാറ്റിയെടുക്കാൻ കഴിയുന്നതാണ് സംവിധാനത്തിലെ ഏറ്റവും ആവേശകരമായ കാര്യമെന്നും രൺബീർ കൂട്ടിച്ചേർത്തു.
ആദ്യ ചിത്രത്തിന്റെ ജോണർ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെങ്കിലും ഫീൽ ഗുഡ് സിനിമകളോടാണ് കൂടുതൽ താൽപര്യമെന്ന് താരം വ്യക്തമാക്കി. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, ‘ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്’, രാജ്കുമാർ ഹിറാനിയുടെ ചിത്രങ്ങൾ എന്നിവയാണ് തന്റെ പ്രിയപ്പെട്ട സിനിമകൾ. ഇത്തരം ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ഒരുക്കാനാണ് ആഗ്രഹമെന്നും രൺബീർ പറഞ്ഞു. ഒരു വർഷത്തിൽ 100 മുതൽ 125 ദിവസം വരെയാണ് താൻ അഭിനയത്തിനായി മാറ്റിവെക്കുന്നത്. ബാക്കിയുള്ള സമയം തിരക്കഥാ രചനയ്ക്കും മറ്റ് സർഗാത്മക പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
അതേസമയം, സംവിധാനത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിലവിലുള്ള സിനിമാ തിരക്കുകൾ പൂർത്തിയാക്കാനാണ് രൺബീറിന്റെ തീരുമാനം. ‘ബ്രഹ്മാസ്ത്ര 2’, ‘ആനിമൽ പാർക്ക്’, ‘രാമായണ പാർട്ട് 2’ തുടങ്ങിയ ചിത്രങ്ങളുടെ ജോലികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ആദ്യ സംവിധാന സംരംഭത്തിലേക്ക് കടക്കുക. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ‘ലവ് ആൻഡ് വാർ’ ആണ് രൺബീറിന്റേതായി വരാനിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം. ആലിയ ഭട്ടും വിക്കി കൗശലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രൺബീർ ഇനി സംവിധായകന്റെ കുപ്പായമണിയുമ്പോൾ ബോളിവുഡ് സിനിമാലോകവും ആകാംക്ഷയോടെയാണ് പുതിയ നീക്കത്തെ ഉറ്റുനോക്കുന്നത്.
