
മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖന് എന്ന കഥാപാത്രം വീണ്ടും എത്തുന്നു. എന്നാല്‍ ഇക്കുറി നായകനായല്ല ഈ വരവ്. തുടരും എന്ന മോഹൻലാൽ ചിത്രത്തിൽ ജോര്‍ജ് സാറിനെ അവതരിപ്പിച്ച് വന്‍ ജനപ്രീതി നേടിയ പ്രകാശ് വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുക. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ.
ഷണ്മുഖന്റെ വേഷത്തില്‍ മമ്മൂട്ടി നില്ക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട് ഇപ്പോള്‍. അതേസമയം മമ്മൂട്ടിയെ നായകനാക്കി 2004 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ബ്ലാക്കിലെ നായക കഥാപാത്രത്തിന്റെ പേരായിരുന്നു കാരിക്കാമുറി ഷണ്മുഖന്. മമ്മൂട്ടിയുടെ കരിയറിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലേത്.
അമല്‍ നീരദ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായതും ഈ ചിത്രത്തിലാണ്. എന്നാല്‍ രണ്ടാം വരവില്‍ ഒരു അതിഥി വേഷമാണ് ഷണ്മുഖന്റേത്. അഞ്ച് ദിവസത്തെ ഷെഡ്യൂള്‍ ആണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് അറിയുന്നത്. പ്രകാശ് വര്‍മ്മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.











