
തെന്നിന്ത്യന്‍ ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയിയുടെ ലിയോ. ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്നു എന്നതാണ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതല്‍ എല്ലാ അപ്ഡ്റ്റിനും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.
വിക്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ലോകേഷ് ചിത്രങ്ങളില്‍ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളും ലിയോയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. പുറത്തുവന്നതിന് പിന്നാലെ ആ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. കഴുതപ്പുലിയുമായുള്ള വിജയിയുടെ ഏറ്റുമുട്ടല്‍ രംഗം ത്രില്ലടിപ്പിക്കുന്നതാണ്.

മഞ്ഞ് മൂടിയ മലനിരകളില്‍ വച്ച് വന്യജീവിയുമായുള്ള വിജയിയുടെ ഈ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് വന്‍ തുകയാണ് നിര്‍മാതാക്കള്‍ക്ക് മുടക്കേണ്ടി വന്നത്. ഒറ്റ സീക്വന്‍സിന് വേണ്ടി മാത്രം 10 മുതല്‍ 15 കോടി വരെയാണ് നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോ ചെലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത നിലവാരത്തിലുള്ള വിഎഫ്എക്സിന് വേണ്ടിയാണ് ഇത്രയും തുക മുടക്കേണ്ടി വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ 5നാണ് കാത്തിരിക്കുന്ന ട്രെയിലര്‍ എത്തുന്നത്. ട്രെയ്ലറിലും കഴുതപ്പുലിയുമായുള്ള ചില ഷോട്ടുകള്‍ ഉണ്ടായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റിലീസിന് മുന്‍പ് തന്നെ ലിയോ കോടികള്‍ നേടിക്കഴിഞ്ഞു. തിയറ്റര്‍ അവകാശം വിറ്റ വകയില്‍ മാത്രം 101 കോടിയാണ് ചിത്രം നേടിയത്.











