കൊച്ചി ബിനാലയില്‍ പ്രദര്‍ശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’

രാഹുല്‍ രാജ് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ‘നിഴലാഴം’ എന്ന ചിത്രം കൊച്ചി ബിനാലയില്‍ പ്രദര്‍ശിപ്പിച്ചു. ആര്‍ട്ട്‌നിയ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിവേക് വിശ്വവും എസ്സാര്‍ ഫിലിംസിന്റെ ബാനറില്‍ സുരേഷ് രാമന്തളിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം കൊച്ചി ബിനാലെയിലെ ‘ആര്‍ട്ടിസ്റ്റിക് സിനിമ’ എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ഇദ്യമായാണ് ഒരു സിനിമയുടെ പ്രിമിയര്‍ ഷോക്ക് ബിനാലെ വേദിയാവുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഈ ചിത്രം തോല്‍പ്പാവ കലാകാരന്മാര്‍ അനുസ്യൂതം തുടരുന്ന അതിജീവന ശ്രമങ്ങളുടെ കഥയാണ് പറയുന്നത്.

ബിലാസ് ചന്ദ്രഹാസന്‍, വിവേക് വിശ്വം, സിജി പ്രദീപ്, അഖിലാ നാഥ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തോല്‍പ്പാവ കലാകാരനായ വിശ്വനാഥ പുലവരുടെ ജീവിത യാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പുലവര്‍ സമൂഹം കഴിഞ്ഞ അര നൂറ്റാണ്ടായി നേരിടുന്ന വെല്ലുവിളികളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ദൃഷ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്. അറുപതുകളുടെ അവസാനത്തോടെ ആരംഭിക്കുന്ന കഥാഖ്യാനം രണ്ടായിരം കാലഘട്ടത്തേക്ക് എത്തുമ്പോള്‍ തോല്‍പ്പാവ കലക്ക് ഉണ്ടാവുന്ന മാറ്റത്തോടൊപ്പം പുലവര്‍ സമൂഹത്തിന് പൊതുവില്‍ ഉണ്ടായ മാറ്റവും ചിത്രത്തില്‍ വരച്ചുകാണിക്കുന്നുണ്ട്.

നാട്ടു പ്രമാണിമാരുടെ ദേവി ക്ഷേത്രങ്ങളിലെ കൂത്ത് മാടങ്ങളില്‍ നടന്നിരുന്ന കൂത്ത്, പാലക്കാടന്‍ ഗ്രാമങ്ങളിലെ രാത്രികളെ ഭക്തി സാന്ദ്രമാക്കിയിരുന്നു. ശ്രീരാമ ജനനം മുതല്‍ ശ്രീരാമ പട്ടാഭിഷേകം വരെ നിഴല്‍രൂപങ്ങള്‍ കൊണ്ട് പുലവന്മാര്‍ തീര്‍ക്കുന്ന ദൃശ്യ വിസ്മയങ്ങളിലൂടെ സഞ്ചരിക്കുന്ന ‘നിഴലാഴം’ ഒരു അച്ഛന്റെയും മകന്റെയും അത്മബന്ധത്തിന്റെ പൂര്‍ണ്ണതയിലാണ് ചെന്നെത്തിനില്‍ക്കുന്നത്.

സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍, നാടക സംവിധായകന്‍ ചന്ദ്രദാസന്‍, ഛായാ?ഗ്രഹകരായ വിനോദ് ഇല്ലമ്പള്ളി, നിഖില്‍ എസ്. പ്രവീണ്‍, ചലച്ചിത്ര അക്കാദമി റീജനല്‍ ഹെഡ് ഷാജി അമ്പാട്ട്, സംവിധായകന്‍ ടോം ഇമ്മട്ടി, നിര്‍മ്മാതാവ് അജി മേടയില്‍, അഭിനേതാക്കളായ മഞ്ജുളന്‍, ഡാന്‍, ആഡം, ഋതു മന്ത്ര, അശ്വതി ചന്ദ് കിഷോര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സഞ്ജയ് പാല്‍, നോവലിസ്റ്റ് അനു ചന്ദ്ര, ചലച്ചിത്ര പ്രവര്‍ത്തക ആരതി സെബാസ്റ്റിയന്‍ തുടങ്ങിയവരാണ് ഈ പ്രീമിയര്‍ ഷോയില്‍ പ്രധാന അതിഥികളായെത്തിയത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം ‘നിഴലാഴം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണികളുമായി സംവദിച്ചു. ‘ലെറ്റ്‌സ് ടോക്ക്’ എന്ന ഈ സെഗ്മെന്റില്‍ സംവിധായകന്‍ രാഹുല്‍ രാജ്, ഛായാ?ഗ്രഹകന്‍ അനില്‍ കെ ചാമി, അഭിനേതാക്കളായ ബിലാസ് ചന്ദ്രഹാസന്‍, വിവേക് വിശ്വം, സജേഷ് കണ്ണോത്ത്, സിജി പ്രദീപ്, അഖില നാഥ്, എഡിറ്റര്‍ അംജദ് ഹസ്സന്‍, കോസ്റ്റ്യൂമര്‍ ബിനു പുളിയറക്കോണം, ലിറിസിസ്റ്റ് സുരേഷ് രാമന്തളി തുടങ്ങിയവരോടൊപ്പം വിശ്വനാഥ പുലവരും പങ്കെടുത്തു.