അനുഗ്രഹീത കലാകാരി!! പ്രിയ സഹോദരിയ്ക്ക് വേദനയോടെ ആദരാഞ്ജലികള്‍, കനകലതയെ ഓര്‍മ്മിച്ച് മോഹന്‍ലാല്‍

മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്ന പ്രിയ താരമാണ് നടി കനകലത. നീണ്ട കാലത്തെ ദുരിതങ്ങള്‍ക്കൊടുവില്‍ ഇന്നലെ താരം വിടപറഞ്ഞിരിക്കുകയാണ്. പ്രിയ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സിനിമയില്‍ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എണ്‍പതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍, മോഹന്‍ലാല്‍ കുറിച്ചു.

പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലിരിക്കെയാണ് കനകലതയുടെ വിയോഗം. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് താരം. മലയാളത്തില്‍ ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.

മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളിലും ശ്രദ്ധേയയായി. ആദ്യത്തെ കണ്‍മണി, കൗരവര്‍, രാജാവിന്റെ മകന്‍, ജാഗ്രത, അനിയത്തിപ്രാവ്, ആകാശഗംഗ, ഹരികൃഷ്ണന്‍, വിദേശി നായര്‍ സ്വദേശി നായര്‍, ഒരു യാത്രാമൊഴി, സഫടികം, കുസൃതിക്കാറ്റ്, മാനത്തെക്കൊട്ടാരം, ബന്ധുക്കള്‍ ശത്രുക്കള്‍, അച്ഛന്റെ ആണ്‍മക്കള്‍, പകല്‍, അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്, ദ ഗുഡ് ബോയ്‌സ്, കിലുകില്‍ പമ്പരം, കിഴക്കന്‍ പത്രോസ് തുടങ്ങിയവയാണ് മലയാളം ചിത്രങ്ങള്‍.
സീരീയലുകളായ പാലിയത്തച്ചന്‍, പ്രേയസി, സാഗരചരിതം, പകിട പകിട പമ്പരം, അഗ്‌നിസാക്ഷി, ജ്വാലയായി, വീണ്ടും ജ്വാലയായി, ദേവഗംഗ, പ്രണയം, ഗംഗ, തുലാഭാരം, സൂര്യപുത്രി, ഡ്രാക്കുള തുടങ്ങിയവയിലും അഭിനയിച്ചിട്ടുണ്ട്.