
അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’ എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടി വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിൽ ‘ഡെലുലു’ എന്ന ശ്രദ്ധേയമായ അതിഥി വേഷത്തിലാണ് പ്രിയ വാര്യർ എത്തിയത്. ഈ മനോഹരമായ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ആവേശവും താരം തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പങ്കുവെച്ചു. വളരെ കുറഞ്ഞ സമയത്തേക്കായിരുന്നു ഷൂട്ടിംഗ് എങ്കിലും, ആ ടീമിനൊപ്പമുള്ള അനുഭവം അത്രമേൽ പോസിറ്റീവും പ്രൊഫഷണലുമായിരുന്നുവെന്നും എന്നാൽ സമയം തികഞ്ഞില്ലെന്ന തോന്നലാണ് തനിക്കുള്ളതെന്നും പ്രിയ കുറിച്ചു.
സെറ്റിലെ ഊർജ്ജസ്വലമായ സാന്നിധ്യമായ നിവിൻ പോളിയെ പ്രിയ വിശേഷിപ്പിച്ചത് ‘യഥാർത്ഥ ചിരിക്കുടുക്ക’ എന്നാണ്. നിവിൻ പോളി സെറ്റിലേക്ക് വരുമ്പോൾ ആ ഇടം മുഴുവൻ പ്രകാശിക്കുന്നതുപോലെ അനുഭവപ്പെട്ടുവെന്നും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു. തന്റെ വേഷത്തെ അംഗീകരിച്ചതിനും അഭിനന്ദിച്ചതിനും പ്രേക്ഷകരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനും പ്രിയ മറന്നില്ല.
അഭിനേതാക്കളായ അജു വർഗ്ഗീസ്, പ്രീതി മുകുന്ദൻ തുടങ്ങിയവർക്കും സാങ്കേതിക പ്രവർത്തകർക്കും പ്രിയ തന്റെ കുറിപ്പിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. ‘നിവിൻ ചേട്ടൻ അടയാണെങ്കിൽ അതിലെ ശർക്കര നിങ്ങളായിരുന്നു’ എന്ന രസകരമായ കമന്റിലൂടെയാണ് അജു വർഗ്ഗീസിനെ താരം പരാമർശിച്ചത്. തന്റെ വേഷം അവതരിപ്പിച്ച റിയ ഷിബുവിനോടുള്ള കടപ്പാടും പ്രിയ പ്രകടിപ്പിച്ചു.
സംവിധായകൻ അഖിൽ സത്യനും പ്രിയയോടുള്ള നന്ദി സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തിയിരുന്നു. വേഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ അത് ചെയ്യാൻ സമ്മതിച്ച പ്രിയയുടെ പ്രൊഫഷണലിസത്തെ അദ്ദേഹം വാനോളം പുകഴ്ത്തി. പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയയുടെ സാന്നിധ്യം സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ.











