
പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തി ശ്രദ്ധനേടിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയിലെ പൊലീസ് അന്വേഷണത്തിലെയും തിരക്കഥയിലെയും പാകപ്പിഴകൾ ചൂണ്ടിക്കാട്ടി മുൻ ഡിജിപി ആർ. ശ്രീലേഖ. സിനിമയിലെ പല സംഭവങ്ങളും അന്വേഷണ രീതികളും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതും അശാസ്ത്രീയവുമാണെന്ന് അവർ തുറന്നടിച്ചു. മനോരമ ഓൺലൈനിന് നൽകിയ പ്രതികരണത്തിലാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖ സിനിമയുടെ പോരായ്മകൾ ആഴത്തിൽ വിശകലനം ചെയ്തത്.
സിനിമയിലെ ഏറ്റവും വലിയ പാകപ്പിഴയായി അവർ ചൂണ്ടിക്കാണിക്കുന്നത് കഥാപാത്രങ്ങൾ ബോഡി മറവുചെയ്യാൻ കാണിക്കുന്ന അനാവശ്യ തിടുക്കമാണ്. ഇത് മനഃപൂർവ്വമുള്ള കൊലപാതകമല്ലാത്തതിനാൽ ബോഡി മറച്ചുവെക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് അവർ വ്യക്തമാക്കി. മോഹൻലാലിന്റെ ‘തുടരും’ എന്ന സിനിമയിൽ ജോർജ്ജ് ബോഡി മറവുചെയ്യാൻ കൃത്യമായ കാരണമുണ്ടായിരുന്നുവെന്നും, എന്നാൽ ഇവിടെ ആ നാലുപേർക്കും ആ വ്യക്തി മരിച്ചതുകൊണ്ട് വ്യക്തിപരമായി യാതൊരു ഗുണവുമില്ലാത്തതിനാൽ അത്തരം നടപടികൾ അവിശ്വസനീയമാണെന്നും ശ്രീലേഖ പറഞ്ഞു.
കൂടാതെ, സിനിമയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ലുക്കിലും അന്വേഷണ രീതികളിലും വലിയ വീഴ്ചകളുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു എസ്.എച്ച്.ഒയ്ക്ക് ഇത്രയും നീണ്ടു വളർന്ന താടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും, അതുപോലെ ഫോറൻസിക് സയൻസ് ടെസ്റ്റുകൾ പ്രതികളുടെ മുന്നിൽ വെച്ച് നടത്തുന്നത് തികച്ചും അപഹാസ്യമാണെന്നും അവർ വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വിജയരാഘവന്റെ കഥാപാത്രത്തിന് വരുന്ന ചില സാങ്കേതിക വീഴ്ചകളും സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.












