പ്രയാഗയുടെ പുതിയ മെട്രോ ഷൂട്ട് ; മലയാളത്തിലെ ഉർഫി ജാവേദ് ആകുമോ ? 

നടൻ വേഷങ്ങളിലൂടെ സിനിമയിൽ തിളങ്ങിയ പ്രയാഗ ഇന്ന് വേഷ പകർച്ചയിലൂടെ സോഷ്യൽ മീഡിയയിൽ പലപ്പോഴും കൗതുകമായി മാറാറുണ്ട് . പുത്തൻ ലുക്കുകൾ പരീക്ഷിക്കാൻ താൽപര്യമുള്ള പ്രയാ​ഗ മാർട്ടിന്റെ ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. ഏത് ലുക്കും മടിയില്ലാതെ പരീക്ഷിക്കുന്നതിനാൽ കടുത്ത വിമർശനവും നടിക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയതായി ഇന്നലെ 3 ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കിട്ടതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

മുംബൈ മെട്രോ സ്റ്റേഷനായിരുന്നു ഫോട്ടോഷൂട്ട് ലൊക്കേഷനെന്നാണ് ചിത്രത്തിൽ നിന്നും മനസിലാകുന്നത്. പച്ചയും ​ഗോൾഡണും മെറൂണും നിറത്തിലുള്ള  സ്ട്രിപ്സ്യൂകളുള്ള ക്രീം കോട്ടൺ സാരിയും ചെസ്റ്റ് പ്ലേറ്റോട് കൂടിയ ബ്രൗൺ നിറത്തിലുള്ള സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും അതിന് ഇണങ്ങുന്ന ചങ്ങലയുടെ പാറ്റേണിലുള്ള ​സ്വർണ്ണ ചെയ്നും ഷൂസുമായിരുന്നു പ്രയാ​ഗയുടെ വേഷം. സൈഡ് പാർട്ടട് പിക്സി ഹെയർ കട്ടായിരുന്നതിനാൽ ഐ ഷാഡോ, ലിപ്സ്റ്റിക്ക് എന്നിവയ്ക്കൊപ്പം ചെറിയ രീതിയിൽ ഫെയ്സ് പെയിന്റിങും ചെയ്തിട്ടുണ്ട്. മേക്കപ്പും ഹൈ ലൈറ്റ് ചെയ്ത നിൽക്കുന്നുണ്ട്.

കേരളത്തിലെ പ്രമുഖ ബ്രാന്റുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സിന് വേണ്ടിയായിരുന്നു പ്രയാ​ഗയുടെ വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട്. പ്രയാഗയുടെ ഈ ഫോട്ടോ വൈറലായതോടെ ഇവരുടെ ഈ ലൂക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘ഒരു മുറൈ വന്ത് പാർത്താ, കട്ടപ്പനയിലെ ഋത്വിക് റോഷൻ’ പോലുള്ള സിനിമയിലെ പ്രയാഗയയുടെ നാടൻ ലുക്ക് ഇഷ്ടപ്പെട്ടവർക്ക് നടിയുടെ ഈയൊരു അൾട്രാ മോഡേൺ ലുക്ക് അത്രക്കങ്ങ് പിടിച്ചിട്ടില്ല. പരിഹാസം നിറഞ്ഞ കമന്റുകളാണ് സ്നേഹം അറിയിച്ചും അഭിനന്ദിച്ചും എത്തിയ കമന്റുകളെക്കാൾ കൂടുതൽ… നല്ലൊരു നടിയായിരുന്നു പിന്നെ എന്തൊക്കയോ സംഭവിച്ചു… സിനിമാ കിട്ടതെ ഭ്രാന്തായതാണോ?, ഒരു മുറൈ വന്ത് പാർത്തായ സിനിമയിൽ എന്തൊരു ലുക്കായിരുന്നു. ഇപ്പോൾ ആകെ ശോകമായി, കുട്ടിക്ക് ഒന്നും ഇല്ല എല്ലാം ശരിയാകും, സിനിമ ഒന്നും ഇല്ലാഞ്ഞിട്ട് ഭ്രാന്തായതാണോ… അതോ സിനിമ ഇല്ലെന്നുള്ള ടെൻഷൻ കാരണം കഞ്ചാവ് അടിച്ച് കിറുക്കയതാണോ? എന്നിങ്ങനെ നീളുന്നു കമന്റുകൾ.

സിനിമയിൽ നിന്നും കുറച്ചു നാൾ പ്രയാഗ മാറി നിന്നിരുന്നു. പിന്നീട്‌ ഇടവേളയ്ക്ക് ശേഷമുള്ള പ്രയാഗയുടെ തിരിച്ചുവരവ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു. ആദ്യം തലമുടിയിലൊരു മാറ്റമാണ് നടി കൊണ്ട് വന്നത്. ഹെയര്‍ കളര്‍ ചെയ്ത് ഞെട്ടിക്കുന്നൊരു ലുക്കിലേക്ക് നടി മാറി. ശരിക്കും ഇത് പ്രയാഗ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലേക്കും നടി എത്തിയിരുന്നു. ഒന്നും മനഃപൂര്‍വ്വം അല്ലെന്നും കളര്‍ ചെയ്തപ്പോള്‍ പണി കിട്ടിയതാണെന്നുമായിരുന്നു നടി ഇതിന് വിശദീകരണമായി പറഞ്ഞത്.

എന്നാല്‍ പിന്നീടും വേറിട്ട ലുക്കിലെത്തിയും മുടി മുറിച്ചുമൊക്കെ നടി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുമ്പും പലതവണ മുടിയിലും ശരീരത്തിലും മേക്കോവറുകൾ നടത്തിയിട്ടുണ്ട് പ്രയാ​ഗ. അന്നും സമാനമായ രീതിയിൽ പരിഹാസവും പുച്ഛവും നിറഞ്ഞ കമന്റുകൾ വന്നെങ്കിലും പ്രയാ​ഗ അതൊന്നും മൈൻഡ് ചെയ്തിട്ടില്ല. തന്റെ ലുക്കിനെ വിമർശിക്കുന്നവരോട് തനിക്ക് ഒന്നും പറയാൻ ഇല്ലായെന്നാണ് പ്രയാഗ മാർട്ടിൻ പറയാറുള്ളത്. ഓരോരോത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകൾക്ക് അത് ഇഷ്ടമാവുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം. ഞാൻ മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്… അതോ എന്റെ ഇഷ്ടത്തിനോ..? എന്നാണ് നടി മുമ്പൊരിക്കൽ ചോദിച്ചിട്ടുള്ളത്.

അതേസമയം ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ സിനിമയിൽ തനി നാട്ടിൻ പുറത്തുകാരിയായ പെൺകുട്ടിയുടെ വേഷം ചെയ്താണ് പ്രയാ​ഗ മാർട്ടിൻ എന്ന നടിയെ മലയാളികൾ ആദ്യമായി കാണുന്നത്. ‘പിസാസ്’ എന്നൊരു തമിഴ് സിനിമ ചെയ്താണ് പ്രയാ​ഗ മാർട്ടിൻ അഭിനയത്തിലേക്ക് എത്തിയത്. അതിന് മുമ്പ് സാ​ഗർ ഏലിയാസ് ജാക്കി, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

ഒരു മുറൈ വന്ത് പാർത്തായയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നത് കൊണ്ട് കൂടിയാണ് ഈ  സിനിമ വിജയമല്ലാതിരുന്നിട്ടും പ്രയാ​​ഗ മാർട്ടിനെ മലയാളികൾ ശ്രദ്ധിച്ചതും ഏറ്റെടുത്തതും. ശേഷം പ്രയാ​ഗ മാർട്ടിന്  ലഭിച്ച സിനിമകളിൽ ഭൂരിഭാ​ഗവും വിജയം നേടിയവയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേർസ് ഡേ തുടങ്ങിയവയാണ് അവയിൽ ചിലത്. കൂടാതെ നവരസ എന്ന തമിഴ് വെബ് സീരിസിൽ സൂര്യയുടെ നായിക വേഷവും ചെയ്യാൻ  പ്രയാഗ മാർട്ടിന് ഭാ​ഗ്യം ലഭിച്ചു.

എന്നാൽ അടുത്തിടെയായി നല്ലൊരു വിജയ ചിത്രത്തിന്റെ ഭാ​ഗമാകാനോ അഭിനയ സാധ്യതയുള്ള കഥാപാത്രം ചെയ്യാനോ ഉള്ള അവസരം പ്ര​യാ​​ഗ മാർട്ടിന് ലഭിച്ചിട്ടില്ല. 2023ൽ പ്രയാ​ഗ മാർട്ടിന്റെതായി ഇറങ്ങിയ ഡാൻസ് പാർട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയെല്ലാം പരാജയമായിരുന്നു. മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് ഭാവിയിൽ എഴുതി ചേർക്കപ്പെടുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന അഭിനേത്രി കൂടിയായിരുന്നു പ്രയാ​ഗ മാർട്ടിൻ. എന്നാൽ മോശം സ്ക്രിപ്റ്റ് സെലക്ഷൻ മൂലം നല്ല സിനിമകളോ കഥപാത്രങ്ങളോ പ്രയാ​ഗ മാര്ട്ടിന് ലഭിക്കുന്നില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലും മറ്റ് പരിപാടികളിലുമൊക്കെ നടി സജീവസാന്നിധ്യമാണ്. അടുത്ത കാലത്തായി ചില കോളേജുകളില്‍ പരിപാടിയ്ക്ക് പോയിട്ടും സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുത്തും നടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.