1990ൽ വിവാഹം, 2016 ല്‍ ഡിവോഴ്‌സ്; വീണ്ടും ഒന്നായി പ്രിയനും ലിസിയും

2016 ല്‍ ഏറെ ചര്‍ച്ചയായ ഒരു വിവാഹ മോചനമായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടേതും. വിവാഹ മോചനം എന്ന ആവശ്യം ലിസിയുടേതായിരുന്നു. പക്ഷേ ആ ബന്ധം അവസാനിക്കാന്‍ ഒരിക്കലും പ്രിയദര്‍ശന്‍ ആഗ്രഹിച്ചിരുന്നില്ല. ലിസി തിരിച്ചു വരും എന്ന് തന്നെയാണ് പ്രതീക്ഷ എന്ന് അന്ന് പ്രിയദര്‍ശന്‍ പറഞ്ഞുകൊണ്ടെയിരുന്നു. ലിസി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നില്ലെങ്കില്‍ താനില്ല എന്ന അവസ്ഥയിലായിരുന്നു പ്രിയദർശന്‍. തുടരെ ചെയ്ത സിനിമകളുടെ പരാജയവും, ലിസിയുമായുള്ള വേര്‍പിരിയലും പ്രിയ ദർശനെ ഏറെ വേദനിപ്പിച്ചിരുന്നു. ലിസിയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റൊരു പെണ്ണില്ല എന്ന് പ്രിയദർശന്‍ പിന്നീടുള്ള അഭിമുഖങ്ങളില്‍ പറഞ്ഞതും വൈറലായി. തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പ്രിയദർശന് മോഹന്‍ലാല്‍ കൈ കൊടുക്കുകയും, ഒപ്പം എന്ന സിനിമ സംഭവിക്കുകയും ചെയ്തു. ആ വേദനയില്‍ വലിയൊരു ആശ്വാസമായിരുന്നു ഒപ്പത്തിന്റെ വിജയം. അതെല്ലാം കഴിഞ്ഞ കാലത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ്. ഔദ്യോഗികമായി ഇരുവരും ബന്ധം വേര്‍പെടുത്തി. പക്ഷേ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും ഇന്നും തുടരുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചാണ് എത്തിയത്. വേദിയില്‍ സിബി മലയില്‍ ഇരുവരെയും ചേര്‍ത്തു പിടിച്ചതും, ലിസിയും പ്രിയനും കൈ പിടിച്ച് നടന്നതുമൊക്കെയായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അന്ന് ലിസി വേണം, ലിസി പോയാല്‍ ജീവിതം തന്നെ തകരും എന്ന് പറഞ്ഞ പ്രിയനൊപ്പം ലിസിയുള്ള ഈ കാഴ്ച ആരാധകരെ സന്തോഷിപ്പിക്കുന്നത് തന്നെയാണ്. ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തതിലൂടെയാണ് ലിസിയും പ്രിയനും പ്രണയത്തിലായത്. 1990 ല്‍ ആയിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ലിസി അഭിനയം നിര്‍ത്തുകയും ചെയ്തു. സത്യത്തില്‍ മകള്‍ കല്യാണിയുടെ ജനനത്തിന് ശേഷമാണ് തനിക്ക് ലിസിയോട് അഗാധമായ പ്രണയം തോന്നിയത് എന്നാണ് പ്രിയദർശന്‍ പറഞ്ഞത്. 22 വര്‍ഷക്കാലം തങ്ങള്‍ പ്രണയിച്ചു, നല്ലൊരു സൗഹൃദവും തങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ആ സൗഹൃദം നഷ്ടപ്പെട്ടപ്പോഴാണ് പ്രശ്‌നമുണ്ടായത്. തങ്ങളുടെ രണ്ട് പേരുടെയും ഈഗോ ആണ് വേര്‍പിരിയലിന് കാരണം. മക്കള്‍ക്കൊപ്പം തങ്ങള്‍ നാല് പേരും ഒന്നിച്ചുള്ള ഒരു വീടാണ് തന്റെ സ്വപ്‌നം എന്ന് അന്ന് പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.