
ശക്തമായ സ്ത്രീപക്ഷ പ്രമേയവുമായി ഒരുങ്ങുന്ന ‘രാജകുമാരി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു.
നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അഷ്നാ റഷീദാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഒരു പെൺകുട്ടി വലിയ സ്വപ്നങ്ങളുമായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്നതാണ് ഈ ചിത്രത്തിലെ ജാനകിയുടെ ജീവിതം. കേരളീയ സമൂഹത്തെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്ത്രീപക്ഷ സിനിമ ഒരുക്കുന്നതെന്ന് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ വ്യക്തമാക്കി.
കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്ര എന്ന യുവതിയുടെ ദുരന്തമാണ് ചിത്രത്തിന്റെ പ്രധാന ചർച്ചാവിഷയം. ആവശ്യത്തിന് പൊന്നും പണവും നൽകിയാണ് ഉത്രയെ വിവാഹം ചെയ്തുകൊടുത്തതെങ്കിലും, പിന്നീടുള്ള അന്വേഷണത്തിൽ ഭർത്താവിന്റെ ആസൂത്രിതമായ കൊലപാതകമായിരുന്നു ഉത്രയുടെ മരണമെന്ന് തെളിയുകയും ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. കുടുംബ സദസ്സുകളിൽ വലിയ വേദനയുളവാക്കിയ ഈ സംഭവമാണ് ‘രാജകുമാരി’ ചർച്ച ചെയ്യുന്നത്.
‘ജോസഫ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയ ആണ് ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. തികച്ചും ത്രില്ലർ മൂഡിലാണ് ചിത്രത്തിന്റെ അവതരണം. പുതുമുഖം ഫഹദ് സിദ്ദിഖാണ് നായകൻ.











