ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ റിലീസിന് മുന്നോടിയായി ശ്രദ്ധേയ നേട്ടവുമായി. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മലയാള സിനിമയിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന മ്യൂസിക് റൈറ്റ്സ് ഡീലുകളിലൊന്നായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദീൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ്, മ്യൂസിക് ലോഞ്ച് ചടങ്ങും ശ്രദ്ധേയമായി. വൻ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ ഗായകരായ വേടൻ, അർമാൻ മാലിക്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവർ പ്രകടനം നടത്തി. ദുൽഖർ സൽമാനും വേദിയിലെത്തിയതോടെ ചടങ്ങ് ആഘോഷമായി മാറി.
ചിത്രത്തിലെ ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മ്യൂസിക് ലോഞ്ചിനിടെ ദുൽഖർ ‘ലൂസർ’ ഗാനം ലൈവായി ആലപിച്ചതും ആരാധകരിൽ നിന്ന് വലിയ കൈയടി നേടി. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പാൻ-ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആക്ഷനും ചേസ് രംഗങ്ങളും ഉൾപ്പെടെയുള്ള വമ്പൻ ദൃശ്യാനുഭവത്തിന്റെ സൂചന നൽകുന്നതായിരുന്നു ട്രെയ്‌ലർ.
‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐ ആം ഗെയിമി’നുണ്ട്. റിലീസിന് മുന്നോടിയായി റെക്കോർഡ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും കൂടുതൽ ഉയർന്നിരിക്കുകയാണ്.
