
ബോളിവുഡ് താരം സൽമാൻ ഖാന്റെ പിതാവ് സലിം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നൊരു വാർത്ത വരുന്നുണ്ട്. സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. 90 വയസ്സന് പ്രായം.
നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും, പതിവ് പരിശോധനയ്ക്കായി പ്രവേശിപ്പിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. പിതാവിനെ കാണാൻ സൽമാൻ ഖാൻ ആശുപത്രിയിലെത്തിയിരുന്നു. സൽമാൻ ഖാനൊപ്പം സഹോദരങ്ങളായ അർബാസ്, സൊഹൈൽ ഖാൻ എന്നിവരും പിതാവിനെ സന്ദർശിച്ചു. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ സലിം ഖാന് സൽമാൻ ഖാന്റെ ‘അമ്മ ഉൾപ്പടെ 2 ഭാര്യമാരാണുള്ളത്. പരിചരിക്കാനായി ഇരു ഭാര്യമാരും അദ്ദേഹത്തിനൊപ്പം തന്നെയുണ്ട്.
ജാവേദ് അക്തറിനൊപ്പം ഷോലെ, ഹാത്തി മേരെ സാത്തി, സഞ്ജീർ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ ഐക്കണിക് സിനിമകൾക്ക് തിരക്കഥയൊരുക്കിയാണ് സലിം ഖാൻ ശ്രദ്ധ നേടിയത്.
1960 ൽ നടനായാണ് സലിം ഖാൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തീസരി മൻസിൽ, സർഹാദി ലൂട്ടേര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ‘പ്രിൻസ് സലിം’ എന്നായിരുന്നു അദ്ദേഹം സിനിമയിൽ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ നവംബർ 24 നായിരുന്നു സലിം ഖാൻ തന്റെ 90-ാം ജന്മദിനം ആഘോഷിച്ചത്. തന്റെ അച്ഛൻ ഒരു ഭക്ഷണപ്രിയനാണെന്ന് സൽമാൻ ഖാൻ ദ് ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ മുൻപ് വെളിപ്പെടുത്തിയിരുന്നു.











