സംവൃത സുനിലിന് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി ശ്രുതി ജയനും കൂട്ടരും

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക സംവൃത സുനിലിന് പിറന്നാൾ ആശംസകളുമായി നടി ശ്രുതി ജയൻ പങ്കുവെച്ച ഹൃദ്യമായ കുറിപ്പും ആഘോഷ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സംവൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചാണ് ശ്രുതി തന്റെ സ്നേഹം അറിയിച്ചത്.

പ്രിയ കൂട്ടുകാരിക്ക് സ്നേഹനിർഭരമായ ജന്മദിനാശംസകൾ നേർന്നുകൊണ്ട് ശ്രുതി പങ്കുവെച്ച പോസ്റ്റിന് വൈകാരികമായ മറുപടിയുമായി സംവൃതയും രംഗത്തെത്തി. “നന്ദി ശ്രുതി, ഞാനിപ്പോ കരയും” എന്നായിരുന്നു സംവൃതയുടെ മറുപടി. താരങ്ങളുടെ ഈ ആത്മബന്ധവും സ്നേഹപ്രകടനവും ആരാധകരുടെയും ഹൃദയം കവരുകയാണ്.

വെള്ളിത്തിരയിൽ സജീവമല്ലെങ്കിലും ജീവിതത്തിലും സോഷ്യൽ മീഡിയയിലും മികച്ച സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന സംവൃതയുടെ പിറന്നാൾ ആഘോഷം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പ്രേക്ഷകരും ചലച്ചിത്ര രംഗത്തെ പ്രമുഖരുമാണ് സംവൃതയ്ക്ക് ആശംസകൾ അറിയിച്ച് കമന്റ് ബോക്സിൽ എത്തുന്നത്.