കമലഹാസന്റെ വിരുമാണ്ടിയും ശിവകാർത്തികേയന്റെ സെയോനും തമ്മിൽ; ബന്ധമുണ്ടോ?#sivakarthikeyan

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടൻ ശിവകാർത്തികേയന്റെ 41-ാം പിറന്നാൾ ആണിന്ന്. പിറന്നാളിനോടനുബന്ധിച്ച് നടന്റെ പുതിയ ചിത്രമായ സെയോന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

വിരുമാണ്ടി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശിവകാർത്തികേയനെത്തുന്നത്. അമരൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം കമൽ ഹാസനൊപ്പം ശിവകാർത്തികേയൻ വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് സെയോന്. ശിവകുമാർ മുരുകേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ഫാമിലി എൻ്റർടെയ്‌നർ ആണ് ‘സെയോൻ’. സന്തോഷ് നാരായണനാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. മുരുക ഭക്തന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം 2004 ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിരുമാണ്ടിയുമായി സെയോനെ താരതമ്യപ്പെടുത്തുന്നവരും കുറവല്ല. മധുരയിലെ നാടോടിക്കഥകളിലെ ഒരു ദേവതയാണ് വിരുമാണ്ടി. മുരുകന്റെ തമിഴിലെ മറ്റൊരു പേരാണ് സെയോൻ.

‘രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒജി വിരുമാണ്ടി തിരിച്ചുവരുന്നു’ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ‘ചിത്രത്തിൽ അതിഥി വേഷത്തിൽ കമൽ ഹാസനുണ്ടാകുമോ’ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. തായ്‌കിഴവി ആണ് ശിവകുമാർ മുരുകേശന്റെ ആദ്യ ചിത്രം.