ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള തുടക്കം!! പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ശ്രാവണ്‍ മുകേഷ്

പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടന്‍ ശ്രാവണ്‍ മുകേഷ്. അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രാവണിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. നടന്‍ മുകേഷിന്റെയും സരിതയുടെയും മകനാണ് ശ്രാവണ്‍. മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ശ്രദ്ധേയനായില്ല. കല്ല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവണിന്റെ സിനിമാ അരങ്ങേറ്റം.

‘ബര്‍ത്ത്‌ഡേ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ, പുതിയ പരീക്ഷണങ്ങള്‍ നടത്താനും, ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള തുടക്കം. എന്റെ നെടുന്തൂണും ശക്തിയുമായി കൂടെ നില്‍ക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി’ എന്നാണ് ശ്രാവണ്‍ കുറിച്ചത്. പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

എന്ത് ടെന്‍ഷനുണ്ടെങ്കിലും, അമ്മയുടെയും സഹോദരന്റെയും അടുത്തെത്തിയാല്‍ സമാധാനമാകുമെന്ന് മുന്‍പ് ശ്രാവണ്‍ പങ്കുവച്ചിരുന്നു. സരിതയെയും മക്കളെയും ഒരുമിച്ച് കാണുമ്പോള്‍ ആരാധകര്‍ക്കും ഏറെ സന്തോഷമാണ്.

സിനിമയില്‍ സജീവമായിരിക്കെ 1988ലാണ് സരിതയും മുകേഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു താരങ്ങളുടേത്. 2011 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം മക്കള്‍ രണ്ടു പേരും അമ്മയ്‌ക്കൊപ്പമാണ്. വിവാഹമോചിതനായ മുകേഷ് 2013 ല്‍ നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം ചെയ്തിരുന്നു. പക്ഷേ ആ ബന്ധവും 2021 ഓടെ വേര്‍പിരിഞ്ഞു.