നടി മമിത ബൈജുവിനെ തന്റെ ചിത്രത്തിൽ നായികയാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, നായകന്റെയും നിർമാതാവിന്റെയും എതിർപ്പ് കാരണം ആ പ്രോജക്ട് നഷ്ടമായി എന്ന് തുറന്നുപറഞ്ഞ് സംവിധായകൻ കമൽ. ‘ഖോ ഖോ’ സിനിമയിലെ മമിതയുടെ പ്രകടനം കണ്ടാണ് ഈ കഥാപാത്രത്തിനായി അവളെ തിരഞ്ഞെടുത്തത്. എന്നാൽ പുതുമുഖ നായിക പോരെന്നും കുറച്ചുകൂടി വലിയൊരു നായികയെ വേണം എന്നും നായകനും നിർമാതാവും തീർത്തു പറയുകയായിരുന്നു. മമിത ഭാവിയിൽ വലിയൊരു താരമായി മാറുമെന്ന് താൻ അന്നേ മുന്നറിയിപ്പ് നൽകിയിരുന്നതായും കമൽ വ്യക്തമാക്കി.
തുടർന്ന് മമിതയോടും അമ്മയോടും സംസാരിച്ച് കാര്യങ്ങൾ ഉറപ്പിച്ചെങ്കിലും, നായകനും പ്രൊഡ്യൂസറും വീണ്ടും എതിർത്തതോടെ ആ അവസരം നഷ്ടപ്പെടുകയായിരുന്നു. തന്റെ കരിയറിൽ നിരവധി പുതുമുഖ നടിമാരെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഇത്തരംയൊരു അനുഭവം ആദ്യമായിട്ടായിരുന്നു എന്ന് കമൽ പറയുന്നു. എന്നാൽ ആ സംഭവം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ ‘പ്രേമലു’ റിലീസ് ചെയ്തതോടെ മമിത മലയാളത്തിലെ തിരക്കുള്ള നായികയായി മാറി. നായകനെക്കാൾ പ്രാധാന്യമുള്ള ആ കഥാപാത്രത്തിനായി മമിതയെ വേണ്ടാഎന്ന് വെച്ചതിൽ ആ നിർമാതാവിന് ഇപ്പോൾ തീർച്ചയായും ഖേദം തോന്നുന്നുണ്ടാകുമെന്നും കമൽ കൂട്ടിച്ചേർത്തു.
