പുരുഷപക്ഷത്തിനായൊരു സിനിമ, ആസിഫ് അലി നായകനാകുന്ന ‘ആഭ്യന്തര കുറ്റവാളി’ ,ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാനാണ് ആസിഫിന്റെ ഈ വരവ്

സേതുനാഥ് പദ്മകുമാറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന ‘ആഭ്യന്തര കുറ്റവാളി’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു, ചിത്രത്തിന്റെ അണിയറപ്രവര്തകർ, മലയാളത്തിലെ ആദ്യ പുരുഷ പക്ഷ ചിത്രമാകുമെന്നെ റിലീസിന് മുന്നേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാനാണ് ആസിഫിന്റെ ഈ വരവ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

രണ്ട് തവണ വിവാഹിതനായ വ്യക്തിയായ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ വിവാഹ ജീവിതത്തിന്റെ സമാധാനം കെടുത്തുന്ന ഒരു പ്രശ്നം ഉദിക്കുകയും അതിനെതിരെ അയാൾ കോടതിയിൽ നടത്തുന്ന നിയമപോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലിക്കൊപ്പം ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, തുളസി, ശ്രേയ രുക്മിണി, തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മൂന്നു മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടയിലുണ്ടായ ചില തർക്കങ്ങൾ മൂലം കോടതി ഇടപെട്ട് ചിത്രത്തിന്റെ റിലീസ് തടയുകയുണ്ടായിരുന്നു. ഏതായാലും ഇപ്പോൾ ഏപ്രിൽ 17 റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമിക്കുന്നു. ഇന്ത്യയിലെ തിയറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത്‌ ഫാർസ് ഫിലിംസും ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നു.