
വാർത്തകളെ റേറ്റിങ്ങിനായി വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തന രീതികളും വാർത്തകൾക്കു പിന്നിലെ വാണിജ്യ താൽപര്യങ്ങളും ചർച്ചയാക്കി ‘ഉടുമ്പൻചോല വിഷൻ’ തിയേറ്ററുകളിൽ. വ്യാജവാർത്തകൾ, സെൻസേഷണലിസം, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നിവ മാധ്യമധാർമികതയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം ത്രില്ലറിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്.
ഒരു പ്രാദേശിക വാർത്താ ചാനലിന്റെ പ്രവർത്തനങ്ങളിലൂടെ വികസിക്കുന്ന കഥ, മാധ്യമസ്ഥാപനങ്ങളുടെ അധികാരവും സാമ്പത്തിക താൽപര്യങ്ങളും വാർത്തകളുടെ സാമൂഹിക സ്വാധീനവും തമ്മിലുള്ള സംഘർഷങ്ങളിലേക്കാണ് കടക്കുന്നത്. ജനങ്ങളിലേക്ക് വിശ്വസനീയമായ വാർത്തകൾ എത്തിക്കേണ്ട മാധ്യമങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള മത്സരത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വാർത്തകളുടെ തിരഞ്ഞെടുപ്പും അവതരണവും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന രീതികളും ചിത്രം ചർച്ച ചെയ്യുന്നു.
മാത്യു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, സുദേവ് നായർ, സിദ്ദിഖ്, മിലിന്ദ് സോമൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ സലാം ബുഖാരിയാണ് സംവിധാനം. അലൻ റോഡ്നിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് നിർമാണം. വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതസംവിധായകൻ. ജോസഫ് നെല്ലിക്കൻ പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷും ആലിയ അഷറും കോസ്റ്റ്യൂം ഡിസൈനർമാരുമാണ്. റോണക്സ് സേവ്യർ മേക്കപ്പും കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ് എന്നിവർ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. വിക്കിയാണ് സൗണ്ട് ഡിസൈൻ. ഷിഹാബ് പരപ്പറമ്പത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും വിനോദ് ശേഖർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആർ.ഒ. മാധ്യമങ്ങളുടെ ഉത്തരവാദിത്തം, വാർത്തകളുടെ വിശ്വാസ്യത, റേറ്റിങ് മത്സരത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു.












