
മണികണ്ഠൻ അയ്യപ്പയുടെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ ‘ഡിസ്കോ’യിലെ ‘ഇതിന്നോ ആദമേ’ എന്ന ഗാനം യൂട്യൂബിൽ 8 മില്യണിലധികം കാഴ്ചകൾ നേടി ശ്രദ്ധ നേടുന്നു. പരമ്പരാഗത മാർഗംകളി താളങ്ങളും നാടൻ സംഗീതശൈലികളും റാപ്പിന്റെ ചടുലമായ ബീറ്റുകളും സമന്വയിപ്പിച്ച ഗാനം സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്.
നാടൻ സംഗീതത്തിന്റെ തനിമയും ആധുനിക സംഗീതത്തിന്റെ ഊർജവും ഒരുമിപ്പിക്കുന്നതാണ് ഗാനത്തിന്റെ പ്രധാന സവിശേഷത. വ്യത്യസ്തമായ ഇൻസ്ട്രുമെന്റേഷനും താളവിന്യാസവും ഗാനത്തിന് പുതുമ നൽകുന്നു. ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയും ലെമയും ചേർന്നാണ് വരികൾ എഴുതിയത്. അബിൻ പോൾ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.
‘ഒരു മെക്സിക്കൻ അപാരത’, ‘കുമാരി’, ‘അഞ്ചക്കള്ളകോക്കാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ അയ്യപ്പ, ‘ഡിസ്കോ’യിലൂടെ വീണ്ടും വ്യത്യസ്തമായ സംഗീതപരീക്ഷണവുമായി എത്തുകയാണ്. നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ് രചന നിർവഹിക്കുന്ന ചിത്രം ഉല്ലാസ് ചെമ്പനാണ് സംവിധാനം ചെയ്യുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും ചേർന്നാണ് നിർമാണം. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിനു ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയും പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തിലെ ദേവ് മോഹന്റെ വ്യത്യസ്തമായ റോ ആൻഡ് ബോൾഡ് ലുക്കിലുള്ള ക്യാരക്ടർ പോസ്റ്ററും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, ലുക്മാൻ അവറാൻ, അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അർമോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രോഹിത് വി.എസ്. വാരിയത്താണ്. ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും റോണക്സ് സേവ്യർ മേക്കപ്പും കലൈ കിംഗ്സൺ ആക്ഷനും മെൽവി ജെ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു. അശ്വത് സ്വാമിനാഥനാണ് കളറിസ്റ്റ്. ആർ. കണ്ണദാസൻ സൗണ്ട് ഡിസൈനും കണ്ണൻ ഗണപത് സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു. ശ്രീജിത്ത് ബാലൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രണവ് മോഹൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. നവംബർ 6ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഗാനത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റം ചിത്രത്തിന്റെ റിലീസിനായുള്ള പ്രേക്ഷക പ്രതീക്ഷകൾക്ക് കൂടുതൽ ആവേശം പകരുകയാണ്.












