ലോകേഷ് കനകരാജിന്റെ ലിയോയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് വിജയ് ലക്ഷ്യമിടുന്നത്. ചിത്രത്തിൻറെ പ്രിബുക്കിംഗ് വിദേശത്തും മറ്റും റെക്കോഡുകൾ തകർത്ത് കൊണ്ടാണ് കുതിക്കുന്നത്. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിൽ മാസ് സീനുകൾക്കൊപ്പം വിജയ്യുടെ മിന്നും പ്രകടനവും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെ വിജയ്യുടെ അനുജനും നടനുമായ വിക്രാന്ത് താരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ആക്ഷൻ കിംഗ് അർജുൻ പങ്കെടുത്ത ഒരു ടിവി ഷോയിൽ വച്ചാണ് ചില പഴയ കാര്യങ്ങൾ വിക്രാന്ത് തുറന്ന് പറഞ്ഞത്.

തൻറെ കുടുംബത്തിൻറെ അടയാളം തന്നെ വിജയ് ആണെന്ന് വിക്രാന്ത് പറയുന്നു. മുൻപ് ഒരു മാഗസിനിൽ വിജയ് അണ്ണനെക്കുറിച്ച് ഒരു ആർട്ടിക്കിൾ വന്നത് ഓർക്കുന്നുണ്ട്. “ഈ മുഖം കാണാൻ വേണ്ടി ടിക്കറ്റ് എടുക്കണോ, സംവിധായകൻറെ മകനായതിനാൽ ആരെയും സഹിക്കേണ്ട അവസ്ഥയാണ് പ്രേക്ഷകർക്ക്” എന്നിങ്ങനെയാണ് ആ മാഗസിനിൽ എഴുതിയിരുന്നത്. പക്ഷേ, 20 വർഷത്തിനപ്പുറം ഇതേ മാഗസിനിൽ അത് എഴുതിയ വ്യക്തി തന്നെ വിജയ് അണ്ണൻറെ ലൈഫ് സ്റ്റോറി പ്രസിദ്ധീകരിച്ചു എന്ന് വിക്രാന്ത് പറഞ്ഞു. ശരിക്കും ഇൻസ്പെയറിംഗാണ് ഇത്.

ആദ്യകാലത്ത് കുറേ അപമാനിക്കപ്പെട്ടിട്ടുണ്ട് വിജയ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം തരണം ചെയ്ത് ഇന്നത്തെ വിജയ് ആയി എത്തി നിൽക്കുന്നതെന്നും വിക്രാന്ത് കൂട്ടിച്ചേർത്തു. ലാൽ സലാം എന്ന ചിത്രത്തിലാണ് വിക്രാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഐശ്വര്യ രജനികാന്ത് ആണ് സംവിധാനം. ഒരു എക്സറ്റൻറഡ് ക്യാമിയോ റോളിൽ രജനികാന്ത് എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വിഷ്ണു വിശാൽ ആണ് ചിത്രത്തിൽ മറ്റൊരു വേഷത്തിൽ എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം.











