നെഞ്ചോട് ചേർത്ത് അനു​ഗ്രഹിച്ച് മമ്മൂട്ടി, കാലിൽ തൊട്ട് വണങ്ങി വിൻസി; ഭാഗ്യവതി എന്ന് കമന്‍റുകൾ

റിയാലിറ്റി ഷോയിലൂടെ എത്തി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വരെ എത്തി നില്‍ക്കുന്ന കരിയറാണ് നടി വിൻസി അലോഷ്യസിന്‍റേത്. നായികാ- നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട വിൻസി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്നു. വിൻസി പങ്കുവച്ചൊരു പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വീകരിച്ച ശേഷമാണ് വിൻസി ഹൃദയം തൊടുന്ന പോസ്റ്റ് പങ്കുവെച്ചത്. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാരം സ്വീകരിച്ച വിൻസി നേരെ വന്ന് മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്നുണ്ട്. പിന്നാലെ നെഞ്ചോട് ചേർത്ത് അശ്ലേഷിക്കുന്ന മമ്മൂട്ടിയെയും വിൻസി പങ്കുവച്ച ഫോട്ടോയിൽ കാണാം.

‘ഈ നിമിഷത്തിന് ഫിലിം ഫെയറിന് നന്ദി’, എന്നാണ് ഫോട്ടോകൾ പങ്കുവച്ച് വിൻസി കുറിച്ചത്. പിന്നാലെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. മമ്മൂട്ടിയുടെ അനു​ഗ്രഹം നേടിയ ഭാ​ഗ്യവതിയാണ് വിൻസി എന്നും കമന്‍റുകൾ നിറയുന്നുണ്ട്. ഫിലിം ഫെയറിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയ്ക്ക് ആയിരുന്നു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.