മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബാച്ചിലർ പാർട്ടി D’uex’. 2012ൽ പുറത്തിറങ്ങിയ ‘ബാച്ചിലർ പാർട്ടി’യുടെ രണ്ടാം ഭാഗമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ചർച്ചയായിരുന്നു. ആദ്യ ഭാഗത്തിന്റെ സ്റ്റൈലും ആക്ഷനും സൗഹൃദവുമെല്ലാം വീണ്ടും പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ എത്തിയത്. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
കുഞ്ചാക്കോ ബോബൻ, നസ്ലിൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, രജിഷ വിജയൻ, ഹൻസിക കൃഷ്ണ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. റിലീസ് ചെയ്ത് വെറും 16 മണിക്കൂറിനുള്ളിൽ 19 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ട്രെയിലർ വലിയ ശ്രദ്ധ നേടിയെങ്കിലും പ്രേക്ഷകരിൽ ഒരു വിഭാഗം നിരാശരാണ്. ട്രെയിലറിൽ താരങ്ങൾക്ക് വേണ്ടത്ര സ്ക്രീൻ പ്രസൻസ് ലഭിച്ചില്ലെന്നും ആദ്യ ഭാഗത്തിന്റെ നിലവാരത്തിലേക്ക് എത്താൻ പുതിയ ചിത്രത്തിന് കഴിയുന്നില്ലെന്നുമാണ് പ്രധാന വിമർശനം. കാസ്റ്റിങ്ങിലും പാളിച്ചയുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.
ആദ്യ ഭാഗത്തിൽ റഹ്മാൻ, ഇന്ദ്രജിത്ത്, ആസിഫ് അലി, പൃഥ്വിരാജ്, കലാഭവൻ മണി തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ സൃഷ്ടിച്ച സ്വാധീനം പുതിയ താരനിരയ്ക്ക് ആവർത്തിക്കാനാകില്ലെന്നാണ് ചിലർ പറയുന്നത്. ട്രെയിലറിലെ ആക്ഷൻ രംഗങ്ങളും ഡയലോഗ് ഡെലിവറിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും കമന്റുകളുണ്ട്. പഴയ സിനിമയുടെ തിയേറ്റർ റീ റിലീസ് മതിയായിരുന്നുവെന്ന പരിഹാസവും ചിലർ പങ്കുവെക്കുന്നു. എന്നാൽ ട്രെയിലറിനെ പൂർണമായി തള്ളിക്കളയേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ആദ്യ ഭാഗം പുറത്തിറങ്ങിയ സമയത്ത് തിയേറ്ററുകളിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നും പിന്നീട് ഒടിടി റിലീസിനുശേഷമാണ് സിനിമയ്ക്ക് ആരാധകരും കൾട്ട് പദവിയും ലഭിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ആദ്യ ഭാഗം തിയേറ്ററിൽ കണ്ട അനുഭവം പങ്കുവെച്ചുകൊണ്ട് ഒരാൾ കുറിച്ചത്, റിലീസ് സമയത്ത് ചിത്രത്തിന് വലിയ പ്രതികരണമായിരുന്നില്ല ലഭിച്ചതെന്നാണ്. പിന്നീട് വർഷങ്ങൾക്കുശേഷം അതേ സിനിമയെ കൾട്ട് ക്ലാസിക്കായി വാഴ്ത്തുന്നവർ ഇപ്പോൾ രണ്ടാം ഭാഗത്തെയും നേരത്തേ വിലയിരുത്തരുതെന്നും കമന്റിൽ പറയുന്നു. ആദ്യ ഭാഗം തിയേറ്ററിൽ കണ്ടപ്പോൾ വിരലിലെണ്ണാവുന്ന പ്രേക്ഷകർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇപ്പോൾ അതിനെ മികച്ച സിനിമയായി വിശേഷിപ്പിച്ച് രണ്ടാം ഭാഗത്തെ വിമർശിക്കുന്നത് ശരിയല്ലെന്നുമാണ് മറ്റൊരു അഭിപ്രായം.
എന്തായാലും ട്രെയിലർ പുറത്തിറങ്ങിയതോടെ ‘ബാച്ചിലർ പാർട്ടി D’uex’ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്. പഴയ ചിത്രത്തിന്റെ ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് രണ്ടാം ഭാഗത്തിന് ഉയരാനാകുമോ, അതോ റിലീസിന് ശേഷം പ്രേക്ഷകരുടെ അഭിപ്രായം മാറുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
