അമ്മയെ നഷ്ടപ്പെട്ടു, അച്ഛൻ ഉപേക്ഷിച്ചു; വികാരാധീനനായി താഷി, ബിഗ് ബോസ് വീട് കണ്ണീരിലാഴ്ത്തിയ കുടുംബകഥ

അമ്മയെ നഷ്ടപ്പെട്ടു, അച്ഛൻ ഉപേക്ഷിച്ചു; വികാരാധീനനായി താഷി, ബിഗ് ബോസ് വീട് കണ്ണീരിലാഴ്ത്തിയ കുടുംബകഥ

ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥി താഷിയുടെ കുടുംബകഥ പ്രേക്ഷകരുടെ മനസ് കീഴടക്കുന്നു. അമ്മയെ നഷ്ടപ്പെടുകയും അച്ഛനാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു കുട്ടിയെ സ്വന്തം മകനെപ്പോലെ ഏറ്റെടുത്ത് വളർത്തുന്ന മാതാപിതാക്കളെക്കുറിച്ചുള്ള താഷിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അനിയൻ അരുണിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് താഷി വികാരാധീനനായത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കാണിച്ച് കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകിയിരുന്നു. ഇതിനിടെയാണ് താഷി തന്റെ കുടുംബത്തെക്കുറിച്ചുള്ള മനസ് തുറന്നത്.

വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും അനിയനുമാണുള്ളതെന്ന് താഷി പറഞ്ഞു. എന്നാൽ അനിയനായ അരുണിനെ അമ്മ എടുത്ത് വളർത്തുന്നതാണെന്നും അവന് ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായിരുന്നുവെന്നും താഷി വെളിപ്പെടുത്തി. അച്ഛനും ഉപേക്ഷിച്ചതോടെ സ്വന്തം മാതാപിതാക്കൾ അവനെ സംരക്ഷിക്കുകയായിരുന്നു. തന്റെ വീടിന് സമീപത്തായിരുന്നു അരുൺ താമസിച്ചിരുന്നത്. പത്രവിതരണം കഴിഞ്ഞ് എന്നും വീട്ടുമുറ്റത്ത് ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവൻ വന്നു നിൽക്കുമായിരുന്നുവെന്നും താഷി ഓർത്തെടുത്തു. കുടുംബത്തിനുവേണ്ടി താൻ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അരുൺ ചെയ്തിട്ടുണ്ടെന്നും താൻ അത്ര മികച്ച മകനായിരുന്നില്ലെങ്കിലും അവൻ അങ്ങനെയായിരുന്നുവെന്നും താഷി പറഞ്ഞു.

കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും താഷി മനസ് തുറന്നു. അഞ്ചു വയസുവരെ അച്ഛനുമായി വലിയ അടുപ്പമായിരുന്നു. എന്നാൽ പിന്നീട് അച്ഛൻ തന്നോട് സംസാരിക്കുന്നത് കുറഞ്ഞു. അതിന്റെ കാരണം എന്താണെന്ന് തനിക്ക് ഇന്നും അറിയില്ലെന്നാണ് താഷി പറയുന്നത്. സ്കൂളിലെ മത്സരങ്ങളിൽ വിജയിച്ച് സമ്മാനങ്ങൾ നേടിയെത്തുമ്പോൾ പോലും അച്ഛൻ അതേക്കുറിച്ച് ചോദിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലായിരുന്നു. അച്ഛൻ തന്നോട് വിശേഷങ്ങൾ ചോദിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും താൻ സ്വയം തെളിയിക്കാത്തതുകൊണ്ടാകാം അച്ഛൻ സംസാരിക്കാത്തതെന്ന് ഒരിക്കൽ കരുതിയിരുന്നുവെന്നും താഷി പറഞ്ഞു.

അച്ഛനോട് സ്നേഹമുണ്ടെങ്കിലും അത് തുറന്നുപറയാൻ തനിക്ക് കഴിഞ്ഞിട്ടില്ല. അച്ഛനെ ഒരുപാട് ഇഷ്ടമാണെന്നും ബിഗ് ബോസ് വീട്ടിൽനിന്ന് പുറത്തിറങ്ങിയ ശേഷം അച്ഛനുമായി കൂടുതൽ അടുക്കണമെന്നുമാണ് ആഗ്രഹമെന്നും താഷി കൂട്ടിച്ചേർത്തു. അമ്മയുടെ ജീവിതത്തിലെ പ്രതിസന്ധികളിലും അച്ഛൻ ഒപ്പം നിന്നതിനെക്കുറിച്ചും താഷി സംസാരിച്ചു. അമ്മ കർണാടക സ്വദേശിയായതിനാൽ വീട്ടിൽ കൂടുതലും കന്നഡയാണ് സംസാരിക്കാറുള്ളത്. അമ്മയുടെ സംസാരശൈലിയെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങളും താഷി പങ്കുവെച്ചു.

സ്നേഹം പ്രകടിപ്പിക്കാനും മറ്റുള്ളവരിൽനിന്ന് സ്നേഹം സ്വീകരിക്കാനും തനിക്ക് പേടിയാണെന്നും താഷി തുറന്നുപറഞ്ഞു. ഇനി തന്റെ കുടുംബത്തിനുവേണ്ടി എല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. കുടുംബത്തിലെ ഓരോരുത്തരെയും കുറിച്ച് പറയുന്നതിനിടെ അനിയൻ അരുണുമായുള്ള ആത്മബന്ധമാണ് താഷിയെ ഏറെ വികാരാധീനനാക്കിയത്. ഇതിനുപുറമെ, താഷിയുടെ മാതാപിതാക്കൾ ആശംസകൾ അറിയിക്കുന്ന വീഡിയോയും ബിഗ് ബോസ് വീട്ടിൽ പ്രദർശിപ്പിച്ചു. അഗ്നിപരീക്ഷയിൽ വിജയിച്ചാണ് 34കാരനായ താഷി ബിഗ് ബോസ് മലയാളം സീസൺ എട്ടിലേക്ക് എത്തിയത്. വൈൽഡ് കാർഡ് മത്സരാർത്ഥിയായെത്തിയ താഷി ഇപ്പോൾ ഹൗസിനുള്ളിലും പുറത്തും ഒരുപോലെ ചർച്ചയാകുകയാണ്. നേഹയുമായുള്ള താഷിയുടെ ബന്ധവും ഇരുവരും തമ്മിലുള്ള അടുപ്പവുമാണ് നിലവിൽ ബിഗ് ബോസ് പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ചാവിഷയം.