
ചൈനയിലെ ഡാലിയൻ സുനാസിയ ഓഷൻ വേൾഡിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. പുകവലിക്കാൻ ശ്രമിച്ച ഒരാൾക്ക് നേരെ ബെലൂഗ തിമിംഗലം വെള്ളം ചീറ്റിച്ച് സിഗരറ്റ് കെടുത്തിക്കളയുന്നതാണ് വീഡിയോയിലെ രസകരമായ കാഴ്ച.
പുകവലി നിരോധിച്ച മേഖലയിൽ വെച്ച് ഒരാൾ സിഗരറ്റ് വലിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വെള്ള പ്ലാസ്റ്റിക് ബാഗുമായി തിമിംഗലക്കുളത്തിന് പുറംതിരിഞ്ഞുനിന്ന് ഇയാൾ സിഗരറ്റ് കത്തിക്കാൻ ശ്രമിക്കുമ്പോൾ ഒരു ജീവനക്കാരി ഇയാളെ തടയാൻ എത്തുന്നുണ്ട്. എന്നാൽ, മുന്നറിയിപ്പുകൾ അവഗണിച്ച് അയാൾ സിഗരറ്റ് വലിക്കാനുള്ള ശ്രമത്തിൽ തുടർന്നു.
കൃത്യസമയത്ത് സമീപത്തുണ്ടായിരുന്ന ബെലൂഗ തിമിംഗലം പെട്ടെന്ന് കുളത്തിൽ നിന്നും ചാടിപ്പൊങ്ങി വെള്ളമെടുത്ത് ഇയാൾക്ക് നേരെ ശക്തമായി ചീറ്റുകയായിരുന്നു. ഇതോടെ സിഗരറ്റ് കെട്ടുപോവുകയും പുകവലിക്കാൻ ശ്രമിച്ച മനുഷ്യൻ ഞെട്ടിപ്പോവുകയും ചെയ്യുന്ന രംഗം വീഡിയോയിലുണ്ട്.
ഈ രസകരമായ ഇടപെടൽ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. “പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ബെലൂഗ തിമിംഗലത്തിനും അറിയാം” എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മൃഗങ്ങളുടെയും മനുഷ്യരുടെയും അപ്രതീക്ഷിത ഇടപെടൽ ചിത്രീകരിക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു.











