കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിൽ തീപിടിത്തം. കെട്ടിടത്തിന്റെ ഒൻപതാം നിലയിലെ എ.സി. പ്ലാന്റിലാണ് ഇന്ന് രാവിലെ 9.45 ഓടെ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

തീപിടിത്തമുണ്ടായ ഭാഗം വാർഡുകൾ പ്രവർത്തിക്കുന്ന സ്ഥലമല്ലെന്നും, രോഗികൾ സാധാരണയായി പോകാത്ത ഇടമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും മുൻകരുതലെന്ന നിലയിൽ കെട്ടിടത്തിന്റെ താഴത്തെ എട്ട് നിലകളിൽ ഉണ്ടായിരുന്ന രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തി തീയണച്ചത്. എ.സി. പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒരു ഭാഗത്തെ തീ പൂർണ്ണമായി നിയന്ത്രണ വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി.