കവർച്ചക്കാരെ തുരത്തി ഓടിച്ച് ജ്വല്ലറി ഉടമ; വെടിയുതിർത്ത് ചെറുത്തുനിന്നു

യു.എസിലെ കാലിഫോർണിയയിൽ, കവർച്ചാശ്രമം ധീരമായി ചെറുത്തുതോൽപ്പിച്ച ജ്വല്ലറിയുടമ അഭിനന്ദനം ഏറ്റുവാങ്ങുന്നു. തോക്കുപയോഗിച്ച് കള്ളന്മാർക്ക് നേരെ വെടിയുതിർത്താണ് ഉടമയും ജീവനക്കാരും ചേർന്ന് കവർച്ചക്കാരെ ഓടിച്ചത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

2025 നവംബർ 13 വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കറുത്ത മാസ്കുകളും കയ്യുറകളും ധരിച്ച കവർച്ചക്കാർ ജ്വല്ലറി’യിൽ അതിക്രമിച്ചു കയറി. വിലയേറിയ ആഭരണങ്ങൾ സൂക്ഷിച്ച ഗ്ലാസ് കൗണ്ടറുകൾ തകർക്കാനായിരുന്നു കള്ളന്മാരുടെ ആദ്യ ശ്രമം. എന്നാൽ, ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ കടയിലെ ക്ലാർക്ക് ഇടപെടുകയും ഒരാളെ കൗണ്ടറിന് മുകളിലൂടെ തള്ളിമാറ്റുകയും ചെയ്തു.

നിമിഷങ്ങൾക്കകം, കടയുടമ തോക്കുമായി പുറത്തുവന്ന് കവർച്ചക്കാർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. വെടിയൊച്ച കേട്ട് ഭയന്ന കള്ളന്മാർക്ക് കടയിൽ നിൽക്കാൻ കഴിയാതെ വന്നു. ജീവനുംകൊണ്ട് ഇവർ കടയിൽനിന്നും തെരുവിലേക്ക് ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതിനിടെ, കള്ളന്മാർ $170,000 (ഏകദേശം 1,50,71,775 രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ധീരമായ ഈ ചെറുത്തുനിൽപ്പിന് ജ്വല്ലറിയുടമയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.