കേരളത്തിലെ ആദ്യ ഡോൾബി സിനിമ കൊച്ചിയിലെ EVM സിനിമാസിൽ

ഡോൾബി ലബോറട്ടറീസും,EVM സിനിമാസും ചേർന്ന് കേരളത്തിലെ ആദ്യ ഡോൾബി സിനിമ ഫോർട്ട് കൊച്ചിയിലെ EVM സിനിമാസിൽ ഒക്ടോബർ 17 ന് ഉൽഘാടനം ചെയ്തു . ഇന്ത്യയിലെ അഞ്ചാമത്തെ ഡോൾബി സിനിമ തിയേറ്റർ ലോകോത്തരവും ആഴത്തിലുള്ളതുമായ സിനിമാനുഭവം കേരളത്തിലേക്ക് എത്തിക്കുന്നു.ഡോൾബിയുടെ അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യകളും പ്രത്യേകം രൂപകൽപ്പന ചെയ്ത സിനിമാ അന്തരീക്ഷവും പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.

450 സീറ്റുകളുള്ള ഡോൾബി സിനിമ സ്ക്രീൻ വൈകാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഡോൾബി വിഷൻ (Dolby Vision), ഡോൾബി അറ്റ്‌മോസ് (Dolby Atmos) സാങ്കേതികവിദ്യകളിൽ ഒരുക്കിയിരിക്കുന്ന നിരവധി പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ഇന്ത്യയിലുടനീളം മികച്ചതും ആഴത്തിലുള്ളതുമായ പ്രീമിയം സിനിമാനുഭവങ്ങൾ വിപുലീകരിക്കുന്ന ഡോൾബിയുടെ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.

ഡോൾബി സിനിമയുടെ സവിശേഷമായ അനുഭവം മുൻനിർത്തിയാണ് EVM സിനിമാസിലെ ഈ ബിഗ് സ്ക്രീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.അതിവൈവിധ്യമാർന്ന നിറങ്ങളും, ഡോൾബി അറ്റ്‌മോസിന്റെ ആഴത്തിലുള്ള ശബ്ദാനുഭവവും, പ്രത്യേകം രൂപകൽപ്പന ചെയ്ത സിനിമാ അന്തരീക്ഷവും,തിളക്കമേറിയ ദൃശ്യങ്ങളിലൂടെ ഡോൾബി വിഷൻ കഥാപാത്രങ്ങളെ കൂടുതൽ ജീവനുള്ളതാക്കുന്നു. ചുവരുകൾ മുതൽ സീലിംഗ് വരെ വ്യാപിച്ചുകിടക്കുന്ന സ്ക്രീൻ, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവ ഡോൾബി സിനിമ സ്ക്രീൻ ഇന്റെ പ്രത്യേകതയാണ്.

ആഗോളതലത്തിൽ 930-ലധികം സിനിമകൾ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യകളിൽ റിലീസ് ചെയ്‌തിട്ടുണ്ട്.2025-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 20 ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.RRR, പുഷ്പ 2,ദ റൂൾ, ഗെയിം ചേഞ്ചർ, ബാഹുബലി എപ്പിക്, വാർ 2, കാന്താര, രാജാ സാബ്, ബോർഡർ 2, ടോക്സിക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കും ഡോൾബി സാങ്കേതികവിദ്യയുടെ മികവ് അനുഭവിക്കാനായിട്ടുണ്ട്.

കേരളത്തിലേക്ക് ഡോൾബി സിനിമ എത്തിക്കുന്നത് ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ മുന്നേറ്റത്തിലെ നിർണായകമായ ഒരു നാഴികക്കല്ലാണ്.EVM സിനിമാസുമായി കൈകോർക്കുന്നതിലൂടെ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, ഡോൾബി സിനിമയുടെ സവിശേഷമായ അന്തരീക്ഷം എന്നിവ ഒരുമിപ്പിച്ച് കേരളത്തിലെ പ്രേക്ഷകർക്ക് വലിയ സ്‌ക്രീനിൽ ചെറിയ ബഡ്ജറ്റിൽ സിനിമ ആസ്വദിക്കുന്നതിന് സമാനതകളില്ലാത്ത പുതിയ അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഡോൾബി ലബോറട്ടറീസിലെ മാനേജ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് മൈക്കൽ ആർച്ചർ പറഞ്ഞു.

കേരളത്തിലെ ആദ്യ ഡോൾബി സിനിമ കൊച്ചിയിൽ എത്തിക്കാൻ കഴിയുന്നത് EVM സിനിമാസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. 2014-ൽ കേരളത്തിലെ ആദ്യ ഡോൾബി അറ്റ്‌മോസ് സ്‌ക്രീൻ അവതരിപ്പിച്ച ഞങ്ങളുടെ ദീർഘകാലത്തെ സാങ്കേതിക നവീകരണ യാത്രയുടെ തുടർച്ചയാണ് ഈ പുതിയ സംരംഭം എന്ന് EVM സിനിമാസിന്റെ മാനേജിങ് ഡയറക്ടർ ശ്രീ. ജോസ് മാത്യു കൂട്ടിച്ചേർത്തു. EVM സിനിമാസിലെ ഡോൾബി സിനിമ സ്ക്രീൻ വൈകാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ടിക്കറ്റുകൾ ബുക്ക്‌മൈഷോ (BookMyShow) വഴി ലഭ്യമാകും. വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഷോകളും ഉണ്ടായിരിക്കും.