ഗായകൻ കൃഷ്ണരാജ് അന്തരിച്ചു; ദേവയുടെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരന് വിട

ചെന്നൈ: തമിഴ് സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പിന്നണിഗായകൻ കൃഷ്ണരാജ് (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറിലധികം സിനിമകൾക്കുവേണ്ടി മൂവായിരത്തോളം ഗാനങ്ങൾ ആലപിച്ച അദ്ദേഹം ഇളയരാജ, എ.ആർ. റഹ്‌മാൻ, ദേവ, വിദ്യാസാഗർ, സിർപി, യുവൻ ശങ്കർ രാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

അടുത്തിടെ അന്തരിച്ച സംഗീതസംവിധായകൻ ദേവയുടെ ഗാനങ്ങളിലൂടെയാണ് കൃഷ്ണരാജ് ഏറെ ശ്രദ്ധ നേടിയത്. ‘തിരുപ്പതി ഏഴുമലൈ വെങ്കിടേശാ’, ‘കാത്തടിക്കുതു കാത്തടിക്കുതു’ (നിനൈവിരിക്കും വരെ), ‘തഞ്ചാവൂരു മണ്ണു എടുത്തു’ (പൊർക്കാലം), ‘വെള്ളരിക്കാ പിഞ്ചു വെള്ളരിക്ക’ (കാതൽ കോട്ടൈ), ‘അയ്യയ്യോ എൻ ഉസുരുക്കുള്ള’ (പരുത്തിവീരൻ) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങൾ.

കൃഷ്ണരാജിന്റെ ആലാപനമികവിന് അംഗീകാരമായി ‘തഞ്ചാവൂരു മണ്ണു എടുത്തു’ എന്ന ഗാനത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. സിംഗപ്പൂർ മുൻ പ്രസിഡന്റ് എസ്.ആർ. നാഥന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായി അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ ഈ ഗാനം ഉപയോഗിച്ചതും കൃഷ്ണരാജിന്റെ സംഗീതജീവിതത്തിലെ ശ്രദ്ധേയമായ സംഭവമാണ്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലാണ് കൃഷ്ണരാജ് അവസാനമായി പാടിയത്. സേലം ജില്ലയിലെ വീരപാണ്ടി വെമ്പടിതാളം സ്വദേശിയായ അദ്ദേഹത്തിന്റെ സിനിമാ പിന്നണിഗാനരംഗത്തെ അരങ്ങേറ്റം ദേവ സംഗീതസംവിധാനം നിർവഹിച്ച ‘അധികാലൈ സുഭവേലൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ദേവയുടെ മിക്ക സിനിമകളിലും കുറഞ്ഞത് ഒരു ഗാനമെങ്കിലും കൃഷ്ണരാജിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയിരുന്നു.
ചെന്നൈ വൽസരവാക്കത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. വെള്ളിയാഴ്ച ജന്മനാടായ വെമ്പടിതാളത്തിൽ സംസ്കാരം നടക്കും. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ തമിഴ് ചലച്ചിത്രസംഗീതത്തിൽ തന്റേതായ ഇടം നേടിയ ഗായകന്റെ വിയോഗം സംഗീതലോകത്തിന് വലിയ നഷ്ടമാണ്.