വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് കൊല്ലം കോര്‍പറേഷന്‍ മേയറുടെ രാജി

വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു. പാർട്ടി നിർദ്ദേശപ്രകാരം ആണ് രാജിയെന്ന് പ്രസന്ന ഏണെസ്റ്റ് പറഞ്ഞു. അതേസമയം ഇടതു മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഐഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധം തുടരുമ്പോഴാണ് ഒടുവില്‍ രാജി ഉണ്ടാകുന്നത്. ഫെബ്രുവരി പത്തിന് രാജി വയ്ക്കുമെന്ന് പ്രസന്ന പറഞ്ഞിരുന്നു.

വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മേയറുടെ രാജി പ്രഖ്യാപനം. കൊല്ലത്തെ മഹാനഗരമാക്കുവാനാണ് ശ്രമിച്ചതെന്ന് രാജിപ്രഖ്യാപനത്തിന് മുന്‍പുള്ള കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. രണ്ട് മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ മേയർ തെരഞ്ഞെടുപ്പും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പും വരുമെന്നാണ് സൂചന.