ശമ്പളം ഒന്നാം തീയതി തരുമെന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല! കെഎസ്‌ആർടിസി നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യം, കെ ബി ഗണേഷ്‌കുമാർ

ശമ്പളം ഒന്നാം തീയതി തരുമെന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല, ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നു. കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം തരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിനുള്ള നിയമനടപടി തുടങ്ങി കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ കേരളത്തിലെ ജനങ്ങള്‍ ,തന്നെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം.  പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. വാശി കാണിക്കുന്നത് ജനങ്ങളോടാണ്  അത് മനസിലാക്കണം, മന്ത്രി പറഞ്ഞു.

അതേസമയം ബസുകളുടെ വയറിങ്ങ് നശിപ്പിച്ചതായി പരാതി ഉയര്‍ന്നത് കൊട്ടാരക്കരയിലാണ്. പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ്, ഇങ്ങനെ  ബസുകളുടെ വയറിങ്ങ് നശിപ്പിച്ചത്. ഈ  സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. എട്ട് ബസുകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്.