ഗണപതിയെ അധിക്ഷേപിച്ച് കമന്റ്, ഉണ്ണി മുകുന്ദനോട് മാപ്പ് പറഞ്ഞ് മനാഫ്

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. കഴിഞ്ഞ ദിവസമാണ് താരം തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. മാളികപ്പുറത്തിന് ശേഷം ഫിറ്റ്‌നസ് തിരിച്ചുപിടിച്ച ചിത്രമാണ് ഉണ്ണി പങ്കുവച്ചത്. 11 മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് താരം പുതിയ ലുക്കിലെത്തിയത്. ചിത്രം പങ്കിട്ടതിന് പിന്നാലെ നിരവധി പേര്‍ കമന്റുമായി എത്തിയിരുന്നു. അതില്‍ ഒരു കമന്റ് ഏരെ വിവാദമായിരുന്നു.

ഗണപതിയ്ക്ക് സിക്‌സ്പാക് ഇല്ലെന്നായിരുന്നു മനാഫ് കുണ്ടൂര്‍ എന്ന വ്യക്തി കമന്റിട്ടത്. പിന്നാലെ താരം മറുപടി നല്‍കിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഗണപതിയ്ക്ക് സിക്സ് പാക്ക് ഇല്ലല്ലോ ഉണ്ണി മോനേ എന്നായിരുന്നു കമന്റ്.

ഇതിന് മറുപടിയുമായാണ് ഉണ്ണി രംഗത്തെത്തിയത്. ‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതെ ഇരിക്കുക. സത്യസന്ധമായി ഉത്തരം നല്‍കാന്‍ ഞാന്‍ മടിക്കില്ല. അതില്‍ നിന്നും ഒഴിഞ്ഞ് മാറി നില്‍ക്കുന്നത് മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നത് കൊണ്ടാണ്’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിഷയം വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കമന്റില്‍ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് മനാഫ്.

എന്റെ കമന്റ് മത വികാരത്തെ വ്രണപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു. തമാശയ്ക്ക് പോലും പറയാന്‍ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്. അങ്ങയുടെ വികാരവും വേദനയും മനസ്സിലാക്കുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു എന്നും മനാഫ് കുണ്ടൂര്‍ പറഞ്ഞു.

അതിനും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയിട്ടുണ്ട്. ചില്‍ എന്നാണ് താരം വളരെ കൂളായി മറുപടി കുറിച്ചത്. വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍ക്കായാണ് ഉണ്ണി ഫിറ്റ്‌നസ് തിരിച്ചുപിടിച്ചത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷിന് ഗണപതിയായിട്ടാണ് താരം എത്തുന്നത്.

ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കരുടന്‍, ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയര്‍ ഗന്ധര്‍വ്വ എന്നിവയാണ് ഉണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ആദ്യം ചിത്രീകരണം നടക്കുന്നത് തമിഴ് ചിത്രമാണ്. ശേഷം താടിയും മുടിയും മുറിച്ചതിന് ശേഷമാകും മലയാള ചിത്രങ്ങളിലേക്കെത്തുന്നത്.