ശരീരഭാരം കുറക്കാം, ആരോഗ്യം ഒട്ടും നഷ്ടപ്പെടാതെ …!! ഈ സൂപ്പുകൾ കഴിച്ചാൽ മതി

ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് സൂപ്പ്. ചിക്കന്‍ സൂപ്പ് പോലെ പച്ചക്കറി സൂപ്പും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരം മൂന്ന് സൂപ്പുകള്‍ ഇതാ. കോളിഫ്ലവര്‍ സൂപ്പ്: 100 ഗ്രാം കോളിഫ്ലവറില്‍ 25 കാലറിയേ ഉള്ളൂ.…

ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് സൂപ്പ്. ചിക്കന്‍ സൂപ്പ് പോലെ പച്ചക്കറി സൂപ്പും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരം മൂന്ന് സൂപ്പുകള്‍ ഇതാ.
കോളിഫ്ലവര്‍ സൂപ്പ്: 100 ഗ്രാം കോളിഫ്ലവറില്‍ 25 കാലറിയേ ഉള്ളൂ. ഭാരം കുറയ്ക്കാന്‍ മികച്ചതാണിത്. കോളിഫ്ലവര്‍ സൂപ്പിന് ആവശ്യമുള്ള ചേരുവകള്‍ ഇവയാണ്. കോളിഫ്ലവറിന്റെ പത്തോ പന്ത്രണ്ടോ ഇതളുകള്‍, 1 വലിയ ഉള്ളി, 2 ഉരുളക്കിഴങ്ങ് അരിഞ്ഞത്, ഒലിവ് ഓയില്‍, 5 വെളുത്തുള്ളി അല്ലി, ക്രീം, പച്ചക്കറിവേവിച്ച വെള്ളം (vegetable stock). പാനില്‍ വെളുത്തുള്ളിയും ഉള്ളിയും ബ്രൗണ്‍ നിറമാകും വരെ വഴറ്റുക. അതിലേക്ക് ഉരുളക്കിഴങ്ങ്, കോളിഫ്ലവര്‍, വെജിറ്റബിള്‍ സ്റ്റോക്ക് ഇവ ചേര്‍ത്ത് തിളപ്പിക്കുക. ക്രീം ചേര്‍ക്കുക. കൊഴുത്ത ക്രീം പരുവത്തില്‍ ആവും വരെ വേവിക്കുക. (വേണമെങ്കില്‍ ഇത് മിക്സിയില്‍ അരയ്ക്കുകയുമാവാം) ചൂടോടെ വിളമ്ബാം.



കൂണ്‍സൂപ്പ്: കൂണ്‍ രുചികരവും ആരോഗ്യകരവുമാണ്. ഗ്ലൂക്കോസിനെ നിയന്ത്രിച്ച്‌ കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ഇത് സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ കൂണ്‍ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. 1 കപ്പ് ചെറുതായരിഞ്ഞ കൂണ്‍, 1 ടീസ്പൂണ്‍ കോണ്‍ഫ്ലവര്‍ (1 ടീസ്പൂണ്‍ പാലില്‍ കലക്കിയത്), 1 സവാള, ഉപ്പ്, 1 കപ്പ് പാല്‍, കുരുമുളക്, 2 കപ്പ് വെള്ളം ഇവയാണ് ഈ സൂപ്പിനാവശ്യം. ഒരു പാന്‍ എടുത്ത് അതിലേക്ക് അരിഞ്ഞുവച്ച കൂണും പാലും ചേര്‍ത്ത് വേവിക്കുക. ഇത് തണുത്തശേഷം മിക്സിയില്‍ അരയ്ക്കുക. ഉള്ളി വഴറ്റുക. അതിലേക്ക് അരച്ചു വച്ച കൂണ്‍ ചേര്‍ക്കുക. മൂന്നുമിനിറ്റ് തിളപ്പിക്കുക. ഇത് കട്ടിയാക്കാന്‍ കോണ്‍ഫ്ലവര്‍ ചേര്‍ക്കാം. നാലഞ്ചു മിനിറ്റു കൂടി വേവിച്ച ശേഷം ചൂടോടെ വിളമ്ബാം.

പച്ചക്കറി സൂപ്പ്: നാരുകള്‍ ധാരാളം അടങ്ങിയ ഏതു പച്ചക്കറിയും സൂപ്പ് ഉണ്ടാക്കാന്‍ നല്ലതാണ്. കാരറ്റ്, ബ്രൊക്കോളി തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള ഏതു പച്ചക്കറിയും എടുക്കാം. കാരറ്റില്‍ കാലറി കുറവാണ്. ബ്രൊക്കോളിയിലാകട്ടെ ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുമുണ്ട്. ബ്രൊക്കോളി, കാരറ്റ്, ഗ്രീന്‍പീസ്, കാപ്സിക്കം ഇവ ഒരു കപ്പ് വീതം, സവാള, 6 വെളുത്തുള്ളി അല്ലി, കുരുമുളക്, ഉപ്പ് എന്നിവയാണ് സൂപ്പിനാവശ്യം. പച്ചക്കറികള്‍ ചെറുതായി അരിയുക. ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ സവാളയും വെളുത്തുള്ളിയും വഴറ്റുക. പച്ചക്കറികള്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് ഇളക്കുക. വെള്ളം ഒഴിച്ച്‌ വേവിക്കുക. 10 മിനിറ്റ് തിളപ്പിച്ച ശേഷം ഉപ്പും കുരുമുളകും ചേര്‍ത്ത് ചൂടോടെ വിളമ്ബാം.