ഇന്നസെന്റിന്റെ വീട്ടിൽ ഇരിക്കാൻ ഒരു കസേര പോലും ഇല്ലായിരുന്നു ; നടനെപ്പറ്റി ഇടവേള ബാബു 

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. പോയവർഷം മലയാള സിനിമയ്ക്ക് സംഭവിച്ച വലിയ നഷ്ടങ്ങളിൽ ഒന്നാണ് നടന്റെ വിയോഗം. കഴിഞ്ഞ മാർച്ചിലാണ്‌ ഇന്നസെന്റ് അന്തരിച്ചത്. ആ വിയോഗത്തിന്റെ വേദനയിൽ നിന്ന് സഹപ്രവർത്തകരും സിനിമാ…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. പോയവർഷം മലയാള സിനിമയ്ക്ക് സംഭവിച്ച വലിയ നഷ്ടങ്ങളിൽ ഒന്നാണ് നടന്റെ വിയോഗം. കഴിഞ്ഞ മാർച്ചിലാണ്‌ ഇന്നസെന്റ് അന്തരിച്ചത്. ആ വിയോഗത്തിന്റെ വേദനയിൽ നിന്ന് സഹപ്രവർത്തകരും സിനിമാ പ്രേമികളും ഇന്നും മുക്തരായിട്ടില്ല. നിരവധി കഥാപാത്രങ്ങളിലൂടെയും ഓർമകളിലൂടെയും സഹപ്രവർത്തകരുടെയും പ്രേക്ഷകരുടേയുമെല്ലാം മനസ്സിൽ അദ്ദേഹം ഇന്നും നിലനിൽക്കുന്നുണ്ട്. ഏറെക്കാലം താരസംഘടന അമ്മയുടെ പ്രസിഡന്റായൊക്കെ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഇന്നസെന്റ്. ഇപ്പോഴിതാ ഇന്നസെന്റിനൊപ്പം ഒരുമിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടനും അമ്മ സംഘടനയുടെ സെക്രട്ടറിയുമൊക്കെയായ ഇടവേള ബാബു. മഴനനഞ്ഞ യാത്രയിൽ കണ്ടുപരിചയപെട്ട മുഖമാണ് ഇന്നും ഇന്നസെന്റിനെന്നാണ് ഇടവേള ബാബു പറയുന്നത്. ഇടവേള സിനിമയ്ക്ക് വേണ്ടി കണ്ട പരസ്യവും പിന്നീട് ഇന്നസെന്റ് വഴി സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു.

ഗൗരവം ഇല്ലാതെ സിനിമയെ കണ്ട ആളാണ് താൻ, തലതിരിഞ്ഞ ഒരു ചോദ്യമാണ് തന്നെ സിനിമാക്കാരൻ ആക്കിയതെന്നും ഇടവേള ബാബു  മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു മകന്റെ സ്ഥാനം ആണ് ഇന്നസെന്റ് ചേട്ടൻ എനിക്ക് തന്നിരുന്നത്, അദ്ദേഹം അത് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ആ റൂമിന്റെ മുൻപിൽ നിന്നും ഞാൻ മാറിയിട്ടില്ല. ആശുപത്രിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നു, ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് ഉണ്ടാകില്ല എന്ന്. എന്റെ അടുത്ത് പലപ്പോഴായി അദ്ദേഹം അത് പറഞ്ഞിട്ടുണ്ട്. ആരുടെ മുൻപിലും കൈ നീട്ടാനുള്ള അവസരമുണ്ടാകരുത്. തന്റെ പേരിൽ ഒരു പിരിവ് പോലും നടത്തരുത്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം, മാന്യമായി യാത്ര ആക്കണമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു,” ഇടവേള ബാബു പറയുന്നു. സിനിമാക്കാരുടെ ഇടയിൽ വളരെ നല്ലൊരു യാത്രയയപ്പ് തന്നെ അദ്ദേഹത്തിന് നൽകാൻ സാധിച്ചു. ഇന്നും അദ്ദേഹത്തിന്റെ കുഴിമാടത്തിൽ ആളുകൾ വന്നു പ്രാർത്ഥിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആലീസേച്ചിയെ കണ്ടാൽ സങ്കടമാണ്. കാരണം ചേച്ചി ഇന്നും എന്നെ കണ്ടാൽ കരയും. എനിക്ക് അറിയില്ല, ഇന്നും അദ്ദേഹത്തിന്റെ വേർപാടിൽ നിന്നും മുക്തരാകാൻ ഞങ്ങൾക്കാർക്കും കഴിഞ്ഞിട്ടില്ല. ഇന്നും ചേട്ടൻ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഒരു പക്ഷെ അച്ഛനും അമ്മയും കഴിഞ്ഞാൽ ഇമോഷണലി കൂടുതൽ അടുത്തിട്ടുള്ളത് ചേട്ടനോടാണ്. ഒരുപാട് മരണങ്ങൾ അറ്റൻഡ് ചെയ്തതു കൊണ്ട് ഒരുപാട് റീത്തുകൾ വാങ്ങിയത് ഒരുപക്ഷെ ഞാനായിരിക്കാം.

ഒരാളും മരിച്ച വിഷ്വലുകൾ ഞാൻ കണ്ടിട്ടില്ല. കാരണം അവരുടെയൊക്കെ ജീവിച്ചിരിക്കുമ്പോഴുള്ള മുഖമാണ് എന്റെ മനസ്സ് നിറയെ. മരിച്ച വീട്ടിൽ പോകണമെന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്. പക്ഷെ തന്നെക്കൊണ്ട് ആ മുഖം കാണാൻ സാധിക്കില്ലെന്നും ഇടവേള ബാബു പറയുന്നു. നേരത്തെയും ഇന്നസെന്റിനെ കുറിച്ച് ഇടവേള ബാബു വാചാലനായിട്ടുണ്ട്. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളാണ് ഇന്ന് കാണുന്ന ഇന്നസെന്റാക്കി അദ്ദേഹത്തെ മാറ്റിയതെന്നാണ് നടന്റെ വിയോഗശേഷം നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ആദ്യ സമയങ്ങളിൽ ചെന്നൈയിലെ ചേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പറയുമ്പോൾ അദ്ദേഹം എതിർത്തിരുന്നു. ഒടുവിൽ ഒരിക്കൽ എന്നോട് വരാൻ പറഞ്ഞപ്പോൾ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം വരുന്നത് എന്നാണ് പറഞ്ഞത്. ടൗണിൽ നിന്നും കുറെ ദൂരെ ആയിരുന്നു താമസം. അതും ഒരു ചെറിയ വാടകവീട്ടിൽ, ഇരിക്കാൻ ഒരു കസേര പോലും അവിടെ ഉണ്ടായിരുന്നില്ല. അത്രയും ദുരവസ്ഥയിൽ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നായിരുന്നു ചേട്ടന്റെ വളർച്ച. അവസാനം പുതിയ വീട് പണിതപ്പോൾ എന്തിനാണ് ഇതെന്ന് ഞാൻ ചോദിച്ചിരുന്നു. ഏറ്റവും നല്ല സംവിധാനം ഉള്ള വീട് വേണമെന്ന് ചേട്ടന് നിർബന്ധമായിരുന്നു. പല തീരുമാനങ്ങളും അദ്ദേഹം ജീവിതത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നത്. സ്നേഹിക്കുന്നവർക്ക് നഷ്ടം തന്നെയാണ് ഇന്നസെന്റിന്റെ വിയോഗമെന്നാണ് ഇടവേള ബാബു പറഞ്ഞത്.