ഈ വര്‍ഷം തന്നെ ആ സ്വപ്ന സിനിമ എത്തും!!! മാളികപ്പുറം ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറം കോമ്പോ വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവനന്ദയും ശ്രീപദ് യാനും ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്.…

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറം കോമ്പോ വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവനന്ദയും ശ്രീപദ് യാനും ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മാളികപ്പുറം ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ടീം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയുടെ ജന്മദിനത്തിലാണ് നിര്‍മ്മാതാവായ മുരളി കുന്നുംപുറത്ത് പുതിയ ചിത്രം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മുരളി പ്രഖ്യാപനം നടത്തിയത്.

‘എപ്പോഴും നിറഞ്ഞ സ്‌നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊര്‍ജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഈ സന്തോഷകരമായ വേളയില്‍ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാന്‍ പങ്കു വെക്കുന്നു.

മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ശ്രീ. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാട്ടര്‍മാന്‍ ഫിലിംസ് എല്‍.എല്‍.പിയുടെ ബാനറില്‍ ഞാനും സ്പീഡ് വിങ് സര്‍വീസസിന്റെ ബാനറില്‍ ശ്രീ സനില്‍ കുമാര്‍ ബിയും യും ചേര്‍ന്ന് ഒരുക്കാന്‍ പോകുകയാണ്. ഈ വര്‍ഷം തന്നെ ഞങ്ങളുടെ ആ സ്വപ്ന സിനിമ നിങ്ങളുടെ മുന്‍പിലേക്ക് എത്തും. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ് എന്നാണ് മുരളി കുറിച്ചത്.

ചിത്രത്തിന്റെ നായക കഥാപാത്രത്തിനെ അവതരിപ്പിക്കുന്ന സൂപ്പര്‍ താരത്തിന്റെ പേര് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. മറ്റു താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജും, പി ആര്‍ ഓ പ്രതീഷ് ശേഖറുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.