നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല!!! ക്ലിനിക്കല്‍ സൈക്കോളജി രംഗവുമായി ബന്ധമില്ല

നടി ലെനയ്‌ക്കെതിരെ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ രംഗത്ത്. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തില്‍ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും അസോസിയേഷന്‍ പ്രസ്താവനയിലൂടെ…

നടി ലെനയ്‌ക്കെതിരെ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ രംഗത്ത്. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തില്‍ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും അസോസിയേഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ലെനയുടെ പ്രസ്താവനയും ക്ലിനിക്കല്‍ സൈക്കോളജിയും തമ്മില്‍ ബന്ധവുമില്ല. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ രജിസ്ട്രേഷനോ നടിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അവരുടെ അഭിപ്രായങ്ങള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജി രംഗത്തെ വൈദഗ്ധ്യവുമായോ വിശ്വാസങ്ങളുമായോ ബന്ധവുമില്ലെന്നും അവര്‍ പറയുന്നു. ലെനയുടെ വാദങ്ങള്‍ക്കെതിരെ സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ന്‍ ഇല്ലാതാകും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കും എന്നിങ്ങനെയായിരുന്നു നടിയുടെ വാദങ്ങള്‍. ഒരിക്കല്‍ സൈക്ക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്‌ഡ്രോവല്‍ സിന്‍ട്രം ഉണ്ടാകുമെന്നും ലെന വാദിച്ചിരുന്നു.

പൂര്‍വ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു. 63ാമത്തെ വയസ്സില്‍ ടിബറ്റില്‍ വച്ച് മരിച്ചു, അതാണ് ഈ ജന്മത്തില്‍ തല മൊട്ടയടിച്ചത്. മാത്രമല്ല ഹിമാലയത്തില്‍ പോകാനും കാരണണെന്നും നടി പറഞ്ഞിരുന്നു.

ലെനയുടെ വാദങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നിറയുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷന്‍ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്ന് സോഷ്യല്‍മീഡിയയും പറഉന്നു.

ഡോ. ജിനേഷ് പിഎസ് ലെനയെ കുറിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ ലെനയുടെ പെര്‍ഫോമന്‍സ് ഇഷ്ടമാണ്. പക്ഷേ മെഡിക്കല്‍ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ അപക്വവും അശാസ്ത്രീയവുമാണ്, മറ്റൊരു ശ്രീനിവാസന്‍ ലെവല്‍.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷന്‍ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ല. സൈക്യാട്രിക് മരുന്നുകള്‍ കിഡ്‌നിയും ലിവറിനെയും, അതിന് മുന്‍പേ തലച്ചോറിനെയും നശിപ്പിക്കും എന്നൊക്കെയാണ് കക്ഷി പറയുന്നത്. ഡിപ്രഷന്‍, ഉത്കണ്ഠ ഒക്കെ ഉണ്ടെങ്കിലും മരുന്നു കഴിക്കാന്‍ പാടില്ലത്രേ!

ഡിപ്രഷന്‍ മൂലം ആത്മഹത്യയുടെ വക്കില്‍ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകള്‍. സ്റ്റേബിള്‍ ആയ ശേഷം മെഡിക്കല്‍ അഡൈ്വസ് പ്രകാരം തന്നെ മരുന്ന് നിര്‍ത്തിയവര്‍ ധാരാളം.

അവിടെയാണ് ഈ മരുന്നുകള്‍ കഴിച്ചുതുടങ്ങിയാല്‍ ഒരിക്കലും നിര്‍ത്താന്‍ പറ്റില്ല എന്ന് ഇവര്‍ പറയുന്നത്.

പണ്ട് മോഹനനും വടക്കഞ്ചേരിയും ഒക്കെ പറഞ്ഞ് പൊളിഞ്ഞ തിയറി വീണ്ടുമെടുത്ത് അലക്കുന്നുണ്ട് ഇവര്‍.

കഷ്ടമാണ്.

നിത്യാനന്ദ ലെവലിലുള്ള നിങ്ങളുടെ മറ്റൊരു ടോക്ക് കൂടി കേട്ടു. അതൊക്കെ ഫിലോസഫി, നടക്കട്ടെ.

പക്ഷേ അശാസ്ത്രീയത വാരി വിതറി ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്, എല്ലാ സെലിബ്രിറ്റികളോടുമുള്ള ഒരു അഭ്യര്‍ത്ഥനയാണ്.

നിങ്ങളെപ്പോലെ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അപ്പുറം സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന പലരും ഡിപ്രഷന് മരുന്നു കഴിച്ചിട്ടുണ്ട്, പൂര്‍ണ്ണമായി ഭേദപ്പെട്ടിട്ടുമുണ്ട്, മരുന്ന് നിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ പല സൈക്യാട്രിക് വിഷയങ്ങള്‍ക്കും തുടര്‍ച്ചയായി മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവരും ഉണ്ട്. അത് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെയാണ് സൈക്യാട്രിക് മരുന്നുകളെ കുറിച്ചുള്ള സ്റ്റിഗ്മ ഈ സമൂഹത്തില്‍ മാറി വരുന്നത്.

ശ്രീനിവാസനെ പോലെയുള്ളവര്‍ ഉണ്ടാക്കിവെച്ച ഡാമേജ് മാറി വരുന്നതേയുള്ളൂ. ദയവായി അവിടെ എണ്ണ കോരി ഒഴിക്കരുത്.
പ്ലീസ് എന്നു പറഞ്ഞാണ് ജിനേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.