കാണാതായ ജസ്‌ന സിറിയയിലോ?: വിശദീകരണവുമായി സി.ബി.ഐ

കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് വിഷയം കത്തിപ്പടരുന്നതിന് ഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി സിറിയയില്‍ തീവ്രവാദികള്‍ക്കൊപ്പം എത്തിച്ചേര്‍ന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത…

കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് വിഷയം കത്തിപ്പടരുന്നതിന് ഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി സിറിയയില്‍ തീവ്രവാദികള്‍ക്കൊപ്പം എത്തിച്ചേര്‍ന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരണം. ജെസ്‌ന സിറിയയില്‍ എത്തിയെന്ന് സിബിഐ കണ്ടെത്തിയെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിലാണ് പ്രചാരണം നടന്നത്. ചില പത്ര കട്ടിങ്ങുകളെ ആധാരമാക്കി ആയിരുന്നു പ്രചരണം. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വാര്‍ത്ത വ്യാജമാണെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.

2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ കേസ് സിബിഐയ്ക്ക് കൈമാറി. 2021 ഫെബ്രുവരിയിലായിരുന്നു കേസ് കൈ മാറല്‍ നടപടി.

ഇടത് സംഘടനാ അനുകൂലിയായ മുസ്ലിം യുവാവ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പ്രണയിച്ച് വിവാഹം കഴിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിഷയത്തില്‍ ലൗ ജിഹാദ് ആരോപണം ഉയരുകയും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ജെസ്‌നയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചുതുടങ്ങിയത്. ഈ വാര്‍ത്ത ഒരു മത വിഭാഗത്തിന് ഇടയില്‍ വലിയ പ്രചാരവും ആശങ്കയും സൃഷ്ടിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22-ന് ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിധ തുമ്പും ലഭിച്ചില്ല. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജെസ്‌നയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.