റോയിയുടെ വഴിവിട്ട താല്‍പര്യങ്ങള്‍ സുഹൃത്തില്‍ നിന്നും അറിഞ്ഞു, അഞ്ജലി കെണി ഒരുക്കിയത് ഫാഷന്‍ രംഗത്തെ തൊഴിലവസരങ്ങളുടെ മറവില്‍

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ ആസൂത്ര മൂന്നാം പ്രതിയായ കോഴിക്കോട്ടുള്ള സ്വകാര്യ സംരംഭക അഞ്ജലി റിമ ദേവി ആണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18…

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ ആസൂത്ര മൂന്നാം പ്രതിയായ കോഴിക്കോട്ടുള്ള സ്വകാര്യ സംരംഭക അഞ്ജലി റിമ ദേവി ആണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമയും കേസിലെ ഒന്നാം പ്രതിയുമായ റോയ് ജെ വയലാറ്റിനെയും കേസിലെ ഇരയെയും ഇരയുടെ അമ്മയെയും കുടുക്കാനായി അഞ്ജലി ഒരുക്കിയ കെണി ആയിരുന്നു ഇതെന്നാണ് പോലീസ് കണ്ടെത്തല്‍.

കേസിലെ ഇരയായ പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും കടമായി വാങ്ങിയ 13 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാനായി അഞ്ജലി കെണി ഒരുക്കി. ഫാഷന്‍ രംഗത്തെ മികച്ച തൊഴില്‍ അവസരങ്ങളുടെ മറവില്‍ പരാതിക്കാരുമായി അഞ്ജലി ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ഉടമ റോയിയുമായി പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയായിരുന്നു. റോയ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ പകര്‍ത്തി അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ലക്ഷ്യം. എന്നാല്‍ അഞ്ജലിയുടെ ഇത്തരമൊരു നീക്കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു റോയ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

കേസിലെ മറ്റൊരു പ്രതിയും റോയിയുടെ സുഹൃത്തുമായ സൈജു എം തങ്കച്ചനില്‍ നിന്നാണ് അഞ്ജലി റോയിയുടെ വഴിവിട്ട താല്‍പര്യങ്ങളെ കുറിച്ച് അറിയുന്നത്. ഇവര്‍ ഇരുവരും ചേര്‍ന്നാണ് കേസിന് ആസ്പദമായ സംഭവം ആസൂത്രണം ചെയ്തത്.

ഫാഷന്‍ രംഗത്തെ സംരംഭകന്‍ എന്ന നിലയിലാണ് പെണ്‍കുട്ടിക്കും അമ്മയ്ക്കും റോയിയെ അഞ്ജലി പരിചയപ്പെടുത്തുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പുറമെ ഫാഷന്‍ മേഖലയുടെ മറവില്‍ അഞ്ജലിയും സൈജുവും നിരവധി പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ചിരുന്നതായാണ് സൂചന. അപമാനം ഭയന്ന് ആരും മുമ്പോട്ട് വരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ പോക്‌സോ കേസിന് പുറമെ അഞ്ജലിക്കും സൈജുവിനും എതിരെ അന്വേഷണ സംഘം മനുഷ്യ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസില്‍ തന്നെ മനപ്പൂര്‍വ്വം കുടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും, താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് അഞ്ജലി സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ മുഖ്യ സൂത്രധാരി അഞ്ജലി ആണെന്ന പോലീസ് കണ്ടെത്തല്‍. ഇതോടെ കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.

കേസില്‍ മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ആഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.