വാടക കൊടുക്കാൻ പണമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ കടം കൊടുത്ത കാശ് തിരികെ കിട്ടിയിട്ടുണ്ടോ? - മലയാളം ന്യൂസ് പോർട്ടൽ
Film News

വാടക കൊടുക്കാൻ പണമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ കടം കൊടുത്ത കാശ് തിരികെ കിട്ടിയിട്ടുണ്ടോ?

Jishin fb post about Varada

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികൾ ആണ് ജിഷിനും വരദയും. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.   പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജിഷിൻ പങ്കുവെച്ച ഫോട്ടോ ആണ് ആ തരത്തിൽ വൈറൽ ആയിരിക്കുന്നത്. ജിഷിന്റെ കുറുപ്പും ആരാധകരെ ചിരിപ്പിക്കും വിധമുള്ളതാണ്. കുറുപ്പ് വായിക്കാം

ഒരു കയ്യിൽ ശംഖുമായി മറു കൈ കൊണ്ട് ഔട്ട്‌ എന്ന സിഗ്നൽ കാണിച്ചു കൊണ്ട് അമ്പയറെ പോലെ നിൽക്കുന്ന ഈ ആളാണ്‌ എന്റെ മൂക്കുത്തി അമ്മൻ. ‘മൂക്കുത്തി അമ്മൻ’ സിനിമ കണ്ടപ്പോൾ എനിക്കുണ്ടായ ബോധോദയം ആണ് താഴെ എഴുതിയിരിക്കുന്നത്. എന്നെങ്കിലും നിങ്ങൾക്ക് അലക്കിയിട്ട പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പൈസ കിട്ടിയിട്ടുണ്ടോ? നനഞ്ഞുണങ്ങി ചുക്കിച്ചുളിഞ്ഞ നൂറു രൂപ നോട്ടോ,അഞ്ഞൂറ് രൂപ നോട്ടോ, അങ്ങനെയെന്തെങ്കിലും? വാടക കൊടുക്കാൻ പണമില്ലാതെ സ്വർണ്ണം പണയം വെക്കണമല്ലോ ദൈവമേ എന്ന് വിചാരിച്ചിരിക്കുമ്പോൾ പണ്ടെങ്ങാണ്ട് കടം കൊടുത്ത് കിട്ടില്ല എന്ന് എഴുതിത്തള്ളിയ പണം വന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കിൽ അതിനു സമാനമായ സംഭവം? ഒരു ചായ കുടിക്കാൻ പോലും കാശില്ലാതെ നടക്കുന്ന സമയത്ത് റോഡിൽ കിടന്ന് ഒരു ആയിരം രൂപ വീണു കിട്ടിയിട്ടുണ്ടോ? ഇതുപോലെ വിഷമിച്ചു നിൽക്കുന്ന സമയത്ത് അപ്രതീക്ഷിതമായി പണം കിട്ടുമ്പോൾ നല്ല സന്തോഷമായിരിക്കും. അല്ലേ? ഇങ്ങനെയൊക്കെ സംഭവിക്കുന്നെങ്കിൽ ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്നാണ് അർത്ഥം. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നർത്ഥം. എന്നാൽ സംഭവിക്കുന്നതോ? വാടക കൊടുക്കേണ്ട സമയത്തായിരിക്കും ഇടിമിന്നലിൽ ടീവി കേടായി ആ പൈസ അതിലേക്ക് വകവെയ്‌ക്കേണ്ടി വരുന്നത്. കടയിലെ പറ്റു തീർക്കാൻ കടം വാങ്ങിയ പണമായിരിക്കും കടയിലേക്കുള്ള വഴിമദ്ധ്യേ പോക്കെറ്റിൽ നിന്നും നഷ്ടപ്പെടുന്നത്.

കറന്റു ബില്ല് അടക്കാൻ പോയാൽ നമ്മൾ നിൽക്കുന്ന ക്യൂ മാത്രം അനങ്ങില്ല. അടുത്ത ക്യൂ ആയിരിക്കും വേഗത്തിൽ നീങ്ങുന്നത്. ടയർ പഞ്ചർ ആയി മാറ്റിയിടാൻ വേണ്ടി നോക്കുമ്പോഴായിരിക്കും സ്റ്റെപ്പിനിയും പഞ്ചറാണെന്നറിയുന്നത്. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ.. ദൈവം നമ്മളോട് കോപിച്ചിരിക്കുകയാണെന്നാണ് അർത്ഥം.എനിക്ക് മിക്കവാറും ഇങ്ങനെയൊക്കെയാണ് സംഭവിക്കാറ്. നമ്മൾ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകൾക്ക് ഇത്രയേറെ കോപം കാട്ടുന്ന ദൈവത്തിന്, വലിയ വലിയ തെറ്റുകൾ ചെയ്യുന്നവരോട് എന്തേ കോപം വരാത്തത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ ദൈവത്തിന് നമ്മളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടായിരിക്കും അല്ലേ? വലിയ തെറ്റുകളിലേക്ക് പോകാതിരിക്കാൻ ചെറിയ ചെറിയ മുന്നറിയിപ്പുകൾ നമ്മൾക്ക് തരുന്നതായിരിക്കും. അല്ലേ? അങ്ങനെ ആശ്വസിക്കാം.. അല്ലാതെ എന്ത് ചെയ്യാൻ. എന്തായാലും ഫോട്ടോയിൽ കാണുന്ന എന്റെ ഈ മൂക്കുത്തി അമ്മൻ ഇങ്ങനെയൊന്നുമല്ല. വെട്ടൊന്ന്, മുറി രണ്ട്. എന്നിട്ടതിലൊരു മുറിയിൽ കയ്യിലിരിക്കുന്ന ശംഖ്‌ ഊതി എന്നെ അവിടെ കിടത്തും.

Trending

To Top
Don`t copy text!