നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു!!

പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിന്‍ കലാഭവനിലൂടെയാണ് ഹനീഫ് ശ്രദ്ധിക്കപ്പെട്ടത്. മാത്രമല്ല ഹനീഫ് ടെലിവിഷന്‍ പരമ്പരകളിലും…

പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിന്‍ കലാഭവനിലൂടെയാണ് ഹനീഫ് ശ്രദ്ധിക്കപ്പെട്ടത്. മാത്രമല്ല ഹനീഫ് ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. മുന്നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തുതന്നെ ഹനീഫ് മിമിക്രിയില്‍ സജീവമായിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായതോടെ സിനിമയിലേക്കും വഴി തെളിഞ്ഞു.

സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിന്‍ കലാഭവനിലെത്തിച്ചത്. സിദ്ദീഖ്, ലാല്‍, ജയറാം, സൈനുദ്ദീന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ക്കൊപ്പം കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെവച്ചാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയിലേക്ക് അവസരം കിട്ടിയത്.

പറക്കും തളിക, പാണ്ടിപ്പട, നല്ലവന്‍, തുറുപ്പുഗുലാന്‍, ജനപ്രിയന്‍, സോള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്തകാലത്ത്, തത്സമയം ഒരു പെണ്‍കുട്ടി, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉസ്താദ് ഹോട്ടല്‍,
2018 തുടങ്ങിയവയിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഈവര്‍ഷമിറങ്ങിയ ജലധാര പമ്പ്‌സെറ്റ് ആണ് ഹനീഫിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.