‘മണിയാശാന്’ ഡബ്ബ് ചെയ്തപ്പോള്‍ ഇന്നസെന്റ് ചേട്ടന്റെ ആത്മാവ് കൂടെയുണ്ടായിരുന്നു!!! കലാഭവന്‍ ജോഷി

മലയാള സിനിമയുടെ തീരാനഷ്ടമാണ് ഇതിഹാസ താരം ഇന്നസെന്റിന്റെ അകാല വിയോഗം. ഇന്നസെന്റിന്റെ അവസാന ചിത്രമാണ് ‘ഫിലിപ്‌സ്’. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഫിലിപ്‌സിന്റെ ഡബ്ബിങ് പൂര്‍ത്തിയാകും മുന്‍പാണ് അപ്രതീക്ഷിതമായി…

മലയാള സിനിമയുടെ തീരാനഷ്ടമാണ് ഇതിഹാസ താരം ഇന്നസെന്റിന്റെ അകാല വിയോഗം. ഇന്നസെന്റിന്റെ അവസാന ചിത്രമാണ് ‘ഫിലിപ്‌സ്’. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഫിലിപ്‌സിന്റെ ഡബ്ബിങ് പൂര്‍ത്തിയാകും മുന്‍പാണ് അപ്രതീക്ഷിതമായി താരത്തിനെ നഷ്ടമായത്.

ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചാണ് ഇന്നസെന്റ് ചിത്രത്തില്‍ അഭിനയിച്ചത്. മണിയാശാന്‍ എന്ന കഥാപാത്രമായിട്ടാണ് താരം ചിത്രത്തിലെത്തിയിട്ടുള്ളത്. എന്നാല്‍ ഡബ്ബിങ് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. ചിത്രത്തില്‍ ഇന്നസെന്റിന് ശബ്ദം നല്‍കിയത് മിമിക്രി താരമായ കലാഭവന്‍ ജോഷിയാണ്. ഡബ്ബ് ചെയ്ത് മറ്റൊരാളാണ് എന്ന് തോന്നാത്ത വിധത്തിലാണ് ജോഷി കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.

ഇപ്പോഴിതാ ഇന്നസെന്റിന് വേണ്ടി ശബ്ദം നല്‍കിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ജോഷി. ഫിലിപ്‌സില്‍ ഇന്നസെന്റിന് ശബ്ദം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് തനിക്ക് ഒപ്പമുള്ളതുപോലെ തോന്നി എന്ന് ജോഷി പറയുന്നു.

ഇന്നസെന്റിന്റെ ജനന ദിവസമായ ഫെബ്രുവരി 28ന് തന്നെയാണ് ജോഷിയുടെയും ജന്മദിനം. ഒരു ദിനത്തില്‍ തന്നെ ജനിക്കാന്‍ കഴിഞ്ഞതും ഒരു നിമിത്തമാണെന്ന് ജോഷി പറയുന്നു. ഇന്നസെന്റ് ചേട്ടന്‍ മരിച്ചതിന് ശേഷം ‘ഫിലിപ്‌സ്’ എന്ന സിനിമയില്‍ മണിയാശാന്‍ എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം കൊടുത്തു. ഞാന്‍ അത് ചെയ്യുമ്പോള്‍ ഇന്നസെന്റ് ചേട്ടന്റെ ആത്മാവ് എന്നോടൊപ്പം ഉള്ളതുപോലെ തോന്നി. ഒരുപാട് നിരൂപകര്‍ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു, അതിന് ദൈവത്തോട് നന്ദി പറയുന്നെന്നും ജോഷി പറയുന്നു.

ഇന്നസെന്റ് ചേട്ടന്റെ വീട്ടുകാരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി കരുതുന്നെന്നും ജോഷി പറഞ്ഞു. സിനിമയില്‍ പല വികാരങ്ങളില്‍ കഥാപാത്രത്തിന് ശബ്ദം കൊടുക്കണമായിരുന്നു. പടം കണ്ടിട്ട് ഇന്നസെന്റ് ചേട്ടന്റെ മകന്‍ ചോദിച്ചത് അതില്‍ എവിടെയെങ്കിലും അപ്പച്ചന്‍ ശബ്ദം കൊടുത്തിട്ടുണ്ടോ എന്നായിരുന്നു.

അപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു,”ഇല്ല അത് ജോഷി തന്നെയാണ് മുഴുവന്‍ ചെയ്തത്”. ഇന്നസെന്റ് എന്ന നടന്‍ ഇല്ലെങ്കില്‍ കലാഭവന്‍ ജോഷി എന്ന ആളില്ല. എനിക്ക് ഇപ്പോള്‍ കിട്ടിയ ഭാഗ്യങ്ങളുടെയെല്ലാം കാരണം ഇന്നസെന്റ് ചേട്ടനാണ്. എല്ലാം ഒരു നിമിത്തമാണെന്നും ജാഷി പറയുന്നു.

ആക്ഷേപഹാസ്യ ഷോകളായിരുന്ന മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നിവയിലൊക്കെ ഇന്നസെന്റിന്റെ ശബ്ദം അവതരിപ്പിച്ചത് കലാഭവന്‍ ജോഷിയായിരുന്നു. ഇന്നസെന്റിന്റെ ശബ്ദം അവതരിപ്പിച്ചതിന് കലാഭവന്‍ ജോഷിക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.